നെയ്മറും സഊദിയിലേക്കൊ? ; 10 കോടി യൂറോയുടെ ഓഫര്‍ അല്‍ഹിലാല്‍ വെച്ചതായി സൂചന

0
1271

പാരിസ്: നെയ്മാര്‍ സഊദി ക്ലബായ അല്‍ ഹിലാലില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. നെയ്മാറിന് മുന്നില്‍ 10 കോടി യൂറോയുടെ ഓഫര്‍ അല്‍ഹിലാല്‍ വെച്ചതായാണ് സൂചന.

എട്ട് കോടി യൂറോയാണ് അല്‍ഹിലാല്‍ ആദ്യം നല്‍കിയ ഓഫറെന്നും ഒന്നരക്കോടി യൂറോ പ്രതിഫലത്തില്‍ നെയ്മാര്‍ ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്ന് വാര്‍ത്ത വന്നപ്പോള്‍ തുക 10 കോടി യൂറോ ആയി ഉയര്‍ത്തുകയായിരുന്നുവെന്നും ബ്രസീലിയന്‍ മാധ്യമങ്ങള്‍ പറയുന്നു.

നെയ്മാര്‍ അല്‍ഹിലാലില്‍ ചേരുന്നതിന്റെ വക്കിലാണെന്ന് ആര്‍.എം.സി സ്‌പോര്‍ട്‌സ് ചാനലും റിപ്പോര്‍ട്ട് ചെയ്തു. പി.എസ്.ജിയുടെ തന്നെ മാര്‍ക്കൊ വെറാറ്റിയും അല്‍ഹിലാലില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുണ്ട്. 

ലോറിയന്റിനെതിരായ ഫ്രഞ്ച് ലീഗിലെ ആദ്യ മത്സരത്തിനുള്ള ടീമില്‍ കീലിയന്‍ എംബാപ്പെ, നെയ്മാര്‍, വെറാറ്റി എന്നിവരെ പി.എസ്.ജി ഒഴിവാക്കിയിരുന്നു. നെയ്മാര്‍ ടീം വിടുമെന്നതു മുന്നില്‍ കണ്ട് ബാഴ്‌സലോണയില്‍ നിന്ന് ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഉസ്മാന്‍ ദെംബെലെയെ പി.എസ്.ജി സ്വന്തമാക്കുകയും ചെയ്തു. ദെംബെലെയെ ബാഴ്‌സലോണയില്‍ നിന്ന് 5.04 കോടി യൂറോക്കാണ് പി.എസ്.ജി സ്വന്തമാക്കിയത്.

ഇരുപത്താറുകാരന്‍ പാരിസിന്റെ പ്രാന്തപ്രദേശമായ വെര്‍നോണിലാണ് ജനിച്ചത്. 2017 ല്‍ ക്ലബ്ബ് റെക്കോര്‍ഡായ 14.7 കോടി യൂറോക്കാണ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്ന് ബാഴ്‌സലോണയില്‍ ചേര്‍ന്നത്. അന്ന് പി.എ്‌സ്.ജിയിലേക്ക് ചേക്കേറിയ നെയ്മാറിന് പകരക്കാരനായാണ് ബാഴ്‌സലോണ ദെംബെലെയെ കൊണ്ടുവന്നത്. ഇപ്പോള്‍ നെയ്മാറിനു പകരക്കാരനായി പി.എസ്.ജിയില്‍ എത്തിയിരിക്കുകയാണ് ദെംബെലെ.