ഇന്ത്യക്കാരനെ കാറിടിച്ചു കൊന്ന കേസില്‍ രണ്ട് സ്വദേശികളെ സഊദിയിൽ വധശിക്ഷക്കു വിധേയരാക്കി

0
2343

റിയാദ്: ഇന്ത്യക്കാരനെ കാറിടിച്ചു കൊന്ന കേസില്‍ രണ്ട് സ്വദേശികളെ വധശിക്ഷക്കു വിധേയരാക്കി. ഇന്ത്യക്കാരനായ മുഹമ്മദ് ഹുസൈന്‍ അന്‍സാരിയെ സ്വദേശി പൗരന്മാരായ അബ്ദുല്ല മുബാറക് അല്‍ അജമി മുഹമ്മദ്, സൈഅലി അല്‍ അനസി എന്നീ രണ്ടു പേര്‍ക്കെതിരെയാണ് റിയാദില്‍ വധശിക്ഷ നടപ്പിലാക്കിയത്.

കവര്‍ച്ച ലക്ഷ്യമിട്ട് കാറിടിച്ചു കൊന്ന ശേഷം കൊല്ലപ്പെട്ടയാളുടെ പക്കലുണ്ടായിരുന്ന പണവും മറ്റും പ്രതികള്‍ മോഷ്ടിക്കുകയും ചെയ്തിരുന്നു. മയക്കുമരുന്ന് ഉപയോഗിക്കുകയും സമാനമായി മറ്റു പലരെയും ഭീഷണിപ്പെടുത്തിയും മറ്റും കൊള്ളയടിക്കുകയും ചെയ്ത പ്രതികള്‍ സുരക്ഷ ഉദ്യോഗസ്ഥരെ കണ്ടതോടെ അവര്‍ക്കെതിരെയും ആയുധമുയര്‍ത്തുകയുണ്ടായി.

പ്രത്യേക സംഘത്തിന്റെ പിടിയിലായ പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ച കുറ്റങ്ങള്‍ കോടതിയില്‍ തെളിക്കപ്പെട്ടതോടെ റിയാദ് ക്രിമിനല്‍ കോടതി പ്രതികള്‍ക്കെതിരെ വധശിക്ഷ പുറപ്പെടുവിക്കുകയായിരുന്നു.

അപ്പീല്‍ കോടതിയും മേല്‍ക്കോടതിയും ക്രിമിനില്‍ കോടതി വിധി ശരിവെച്ചതോടെ പ്രതികള്‍ക്കെതിരെ വധ ശിക്ഷ നടപ്പിലാക്കാനുള്ള അനുമതി റോയല്‍ കോര്‍ട്ട് നല്‍കുകയും ഞായര്‍ രാവിലെ ഇരുവര്‍ക്കുമെതിരെ ശിക്ഷ നടപ്പാക്കുകയും ചെയ്യുകയായിരുന്നു.