‘ബഹിരാകാശത്തു നിന്നൊരു വിളി’; ബഹിരാകാശത്തു നിന്ന് ഇതുവരെസുൽത്താൻ സംസാരിച്ചത് 10,000 പേരോട്

0
1398

അബുദാബി: കുടുംബത്തിന്റെ മുഴുവൻ ആശംസകളും സ്നേഹവും പങ്കുവെക്കാൻ ബഹിരാകാശ നിലയത്തിലെ സുൽത്താനുമായി സംസാരിക്കാൻ പിതാവ് സെയ്ഫ് അൽ നെയാദി എത്തി. സെയ്ഫ് മകന്റെ നേട്ടം കുടുംബത്തിന്റെ അഭിമാനം ഉയർത്തിയെന്നും അദ്ദേഹം പറഞ്ഞു.

മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രവും (എംബിആർഎസ്‌സി) ലുവ്ർ അബുദാബിയും ചേർന്നാണ് ‘ബഹിരാകാശത്തു നിന്നൊരു വിളി’ എന്ന പേരിൽ സുൽത്താനുമായി ആശയ വിനിമയ പരിപാടി സംഘടിപ്പിച്ചത്. 

സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനും സുൽത്താനുമായി സംസാരിക്കാൻ എത്തിയിരുന്നു. ബഹിരാകാശ നിലയത്തിൽ നിന്നുള്ള മടക്കത്തിനൊരുങ്ങുകയാണ് അറബ് ലോകത്തു നിന്ന് ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്തു കഴിഞ്ഞ സുൽത്താൻ. 

ഭാവിതലമുറയുടെ പ്രചോദനമാണ് സുൽത്താൻ അൽ നെയാദിയെന്ന് ഷെയ്ഖ് നഹ്യാൻ പറഞ്ഞു. ഈ ദൗത്യത്തോടെ അറബ് ലോകത്ത് ശാസ്ത്രചിന്തയുടെ പുതിയ ചക്രവാളങ്ങൾ ഉയരും. ബഹിരാകാശ ശാസ്ത്രത്തിൽ കൂടുതൽ പങ്കാളിത്തം ഉറപ്പിക്കാൻ അറബ് ജനതയെ നിർബന്ധിക്കുന്നതാണ് സുൽത്താന്റെ നേട്ടം.

രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ സ്വപ്നങ്ങൾ നിറവേറുകയാണിവിടെ. ശാസ്ത്ര ഗവേഷണവും ബഹിരാകാശ പഠനവും രാജ്യത്തിന്റെ നിലപാടും മനുഷ്യ സമൂഹത്തോടുള്ള ഉത്തരവാദിത്തവുമാണെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ ദൗത്യം യാഥാർഥ്യമാക്കിയതിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വം ചെറുതല്ല. 

ശാസ്ത്രാന്വേഷണങ്ങൾക്കും പുതിയ കണ്ടുപിടത്തങ്ങൾക്കും പ്രോൽസാഹനം നൽകുന്നതിനൊപ്പം ബഹിരാകാശ ദൗത്യം പോലെ നിർണായക രംഗങ്ങളിൽ പുതുതലമുറയെ ഉയർത്തിക്കൊണ്ടു വരുന്നതിലും അവസരം നൽകുന്നതിലും ഷെയ്ഖ് മുഹമ്മദ് കാണിക്കുന്ന താൽപര്യം രാജ്യത്തിന്റെ മുന്നോട്ടുള്ള വളർച്ചയെ നയിക്കുന്നതാണ്. 

അസാധ്യമായത് ഒന്നുമില്ലെന്നതിന്റെ തെളിവാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലെ അറബ് സാന്നിധ്യമെന്നു സുൽത്താൻ അൽ നെയാദി പ്രതികരിച്ചു.

 ബഹിരാകാശത്തു നിന്നൊരു വിളി എന്ന പരിപാടിയിലൂടെ ഇതിനോടകം 10,000 പേരുമായി സുൽത്താൻ സംവദിച്ചു. ബഹിരാകാശ ജീവിതം, ശാസ്ത്ര പരീക്ഷണങ്ങൾ ഉൾപ്പെടെ ജനങ്ങളുടെ ചോദ്യത്തിനു തൽസമയം മറുപടിയും നൽകി.