എ ഐ ക്യാമറയിൽ കുടുങ്ങി എംഎൽഎമാരും എം പിമാരും

0
2033

എംഎൽഎമാരുടെ 19 വാഹനങ്ങളും എം പി മാരുടെ 10 വാഹനങ്ങളും എ ഐ ക്യാമറയിൽ കുടുങ്ങി. എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം വാഹനാപകടത്തിൽ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
എ ഐ ക്യാമറകൾ വഴി 32,42,227 നിയമലംഘനങ്ങൾ കണ്ടെത്തി.

2022 ജൂലൈയിൽ അപകടങ്ങളിൽ പരുക്കേറ്റവരുടെ എണ്ണം 3,992 ആയിരുന്നു. 2023 ജൂലൈയിൽ വാഹനാപകടത്തിൽ പരുക്കേറ്റവരുടെ എണ്ണം 3316 ആയി കുറഞ്ഞു.15,83,367 നിയമലംഘനങ്ങൾക്ക് നടപടിയെടുത്തു. 3,82,580 നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ ചലാൻ നൽകി. 25 കോടി 81 ലക്ഷം രൂപ ഇ ചലാൻ വഴി കിട്ടിയെന്നും മന്ത്രി അറിയിച്ചു.

19 എം എൽ എമാരുടെ വാഹനങ്ങൾക്കും 10 എം പിമാരുടെ വാഹനങ്ങൾക്കും പിഴ ചുമത്തിയെന്ന് മന്ത്രി അറിയിച്ചു. വി ഐ പികളെ പിഴയിൽ നിന്ന് ഒഴിവാക്കുന്നു എന്ന ആരോപണം തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി. എം എൽ എ, എം പി വാഹനങ്ങളടക്കം 328 സർക്കാർ വാഹനങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ട്. വി ഐ പി വാഹനങ്ങൾ ഒന്നിലധികം തവണ നിയമലംഘനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനി മുതൽ വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കാൻ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ അടച്ചുതീർക്കണമെന്ന് ആന്‍റണി രാജു പറഞ്ഞു. നിലവിലുള്ള പിഴ പൂർണ്ണമായി അടച്ചവർക്ക് മാത്രമേ ഇൻഷുറൻസ് പുതുക്കി നൽകൂ എന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.