പ്രവാസികൾക്ക് ആശ്വാസവാർത്ത; വിമാന ടിക്കറ്റ് ഇനി ഇൻസ്റ്റാൾമെന്റിൽ എടുക്കാം, സൗകര്യമൊരുക്കി വിമാനകമ്പനി

0
32504

ജിദ്ദ: വിമാന ടിക്കറ്റ് തവണ വ്യവസ്ഥയിൽ പണം നൽകി എടുക്കാനുള്ള സൗകര്യം ഒരുക്കി സഊദി ആസ്ഥാനമായ വിമാന കമ്പനി. കേരളത്തിലെ വിവിധ വിമാനത്താവളങ്ങൾ ഉൾപ്പെടെ നിരവധി വിമാനത്താവളങ്ങളിലേക്ക് സർവ്വീസ് നടത്തുന്ന സഊദിയിലെ ബജറ്റ് എയർലൈൻസ് ആയ നാസ് എയർ ആണ് ഇത്തരമൊരു സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ സഊദിയിൽ നിന്ന് കോഴിക്കോട് സെക്റ്ററിലേക്ക് ഫ്ലൈ നാസ് സർവ്വീസുകൾ നടത്തുന്നുണ്ട്.

ടിക്കറ്റ് നിരക്ക് തവണ വ്യവസ്ഥയിൽ അടക്കാൻ സൗകര്യമൊരുക്കി സഊദി ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസിന്റെ സേവനം ആർക്കും ഉപയോഗപ്പെടുത്താനാകും. മുൻനിര ഷോപ്പിങ് സേവനം നൽകുന്ന താബിയുമായി സഹകരിച്ചാണ് ഫ്ളൈനാസ് ഇത്തരമൊരു സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതു പ്രകാരം ടിക്കറ്റ് നിരക്ക് പലിശയില്ലാതെ നാലു തവണകളായി അടക്കാൻ ഫ്‌ളൈ നാസ് യാത്രക്കാർക്ക് സാധിക്കും.

മധ്യപൗരസ്ത്യദേശത്തെയും ഉത്തരാഫ്രിക്കയിലെയും മുൻനിര ഷോപ്പിംഗ്, ധനസേവന ആപ്പ് ആണ് താബി. നിലവിൽ ഓൺലൈനിൽ നിരവധി പർചെസിങ് സൗകര്യങ്ങൾ താബി നൽകി വരുന്നുണ്ട്. വിവിധ ഓൺലൈൻ ഷോപ്പിംഗ് കമ്പനികളുമായി സഹകരിച്ചു തവണ വ്യവസ്ഥയിൽ സാധനങ്ങൾ വാങ്ങാനുള്ള സംവിധാനം പ്രവാസികൾക്കിടയിൽ ഏറെ സൗകര്യം നൽകുന്നുണ്ട്. ഇതേ സംവിധാനത്തിൽ തന്നെയാണ് വിമാനടിക്കറ്റും നൽകുന്നത്.

ലോകത്ത് വിമാന യാത്രക്കുള്ള ആവശ്യം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ അനുയോജ്യമായ സമയത്താണ് വിമാന ടിക്കറ്റ് നിരക്ക് തവണകളായി അടക്കാൻ സൗകര്യമൊരുക്കുന്ന പുതിയ സേവനം ഫ്‌ളൈ നാസും ടാബി ആപ്പും ചേർന്ന് ഒരുക്കിയിരിക്കുന്നത്.
ലോകത്തെ ഏറ്റവും മികച്ച നാലാമത്തെ ബജറ്റ് വിമാന കമ്പനിയായും, മധ്യപൗരസ്ത്യദേശത്തെ ഏറ്റവും മികച്ച വിമാന കമ്പനിയായി തുടർച്ചയായി ആറാം തവണയും ഫ്‌ളൈ നാസിനെ സ്‌കൈ ട്രാക്‌സ് അവാർഡ് അടുത്തിടെ തെരഞ്ഞെടുത്തിരിരുന്നു.

ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളിൽ 70 ലേറെ നഗരങ്ങളിലേക്ക് പ്രതിവാരം 1,500 ലേറെ സർവീസുകൾ നടത്തുന്ന ഫ്‌ളൈ നാസിനു കീഴിൽ 51 വിമാനങ്ങളുണ്ട്. 2030 ഓടെ ഫ്‌ളൈ നാസ് സർവീസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം 165 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
ആറു മാസക്കാലത്ത് 50 ലക്ഷം പേർ ഫ്‌ളൈ നാസ് സർവീസുകളിൽ യാത്ര ചെയ്തതായാണ് കണക്കുകൾ. ഈ വേനൽക്കാലത്ത് പത്തു നഗരങ്ങളിലേക്ക് ഫ്‌ളൈ നാസ് പുതുതായി സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഹജ് സീസണിൽ 13 രാജ്യങ്ങളിൽ നിന്നുള്ള ഒരു ലക്ഷം ഹജ് തീർഥാടകർക്ക് ഫ്‌ളൈ നാസ് യാത്രാ സൗകര്യം നൽകിയിരുന്നു.