നഗരങ്ങളിൽ ടൂറിസം പദ്ധതികൾ സ്ഥാപിക്കാനും നിക്ഷേപം നടത്താനും ലക്ഷ്യമിട്ട് സഊദി ടൂറിസം ഇൻവെസ്റ്റ്‌മെന്റ് “അസ്ഫർ” കമ്പനി സ്ഥാപിച്ചു

0
1116

റിയാദ്: രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ ടൂറിസം പദ്ധതികൾ സ്ഥാപിക്കാനും നിക്ഷേപം നടത്താനും ലക്ഷ്യമിട്ട് സൗദി ടൂറിസം ഇൻവെസ്റ്റ്‌മെന്റ് “അസ്ഫർ” എന്ന പേരിൽ കമ്പനി സ്ഥാപിച്ചതായി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് വെളിപ്പെടുത്തി.

ഹോസ്പിറ്റാലിറ്റി, വിനോദം, ചില്ലറ വിൽപ്പന, ഭക്ഷണം, പ്രാദേശിക ടൂറിസം സംവിധാനത്തിൽ നിക്ഷേപം എന്നിവയ്ക്ക് പുറമേ സംയുക്ത നിക്ഷേപത്തിലൂടെ സ്വകാര്യ മേഖലയെ ശാക്തീകരിക്കുന്നതിനും ചെറുകിട, ഇടത്തരം കമ്പനികൾക്ക് പുറമെ പ്രാദേശിക കരാറുകാർക്കും വിതരണക്കാർക്കും ടൂറിസം പദ്ധതികളുടെയും ലക്ഷ്യസ്ഥാനങ്ങളുടെയും വികസനത്തിന് സംഭാവന നൽകുന്നതിനും മത്സര അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അസ്ഫർ പ്രവർത്തിക്കും.

ഏഷ്യയെയും യൂറോപ്പിനെയും ആഫ്രിക്കയെയും ബന്ധിപ്പിക്കുന്ന സൗദി അറേബ്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷ സ്ഥാനവും നഗരങ്ങളുടെ മത്സര ഘടകങ്ങളും നേട്ടങ്ങളും പ്രയോജനപ്പെടുത്താൻ കമ്പനി പ്രവർത്തിക്കും. സൗദിയിലെ വിവിധ പ്രവിശ്യകളിൽ ടൂറിസം പദ്ധതികൾ നടപ്പാക്കുന്നതിലൂടെ ടൂറിസം അനുഭവങ്ങളുടെ വൈവിധ്യവൽക്കരണവും സമ്പുഷ്ടീകരണവും കമ്പനി പ്രോത്സാഹിപ്പിക്കുകയും, സൗദി അറേബ്യക്കകത്തു നിന്നും വിദേശത്തു നിന്നും വിനോദ സഞ്ചാരികളെ ആകർഷിക്കുകയും, 2030 ഓടെ പ്രതിവർഷം രാജ്യം സന്ദർശിക്കുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 10 കോടിയായി ഉയർത്തുകയെന്ന വിഷൻ 2030 ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കാൻ സഹായിക്കുകയും ചെയ്യും.

രാജ്യത്തിന്റെ നഗരങ്ങളുടെ പങ്ക് സജീവമാക്കുന്നതിനും അതിന്റെ സംഭാവന വർദ്ധിപ്പിക്കുന്നതിനും അസ്ഫർ സംഭാവന നൽകുമെന്ന് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിലെ മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക ഇൻവെസ്റ്റ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിലെ വിനോദം, ടൂറിസം, സ്‌പോർട്‌സ് വിഭാഗം ഡയറക്ടർ മഷാരി അൽ ഇബ്രാഹിം വിശദീകരിച്ചു.