മൃതദേഹം ഒരുവര്‍ഷത്തോളം മോർച്ചറിയിൽ; ഒടുവിൽ യൂസഫലിയുടെ ശ്രമകരമായ ഇടപെടൽ, മൃതദേഹം വിട്ടുനല്‍കി

0
2199

മനാമ: ബഹ്‌റൈനിലെ നിയമകുരുക്കില്‍ കുടുങ്ങിയ പൊന്നാനി സ്വദേശി കുറുപ്പള്ളി മൊയ്തീന്റെ (53) മൃതദേഹം ഒടുവില്‍ ബഹ്‌റൈന്‍ അധികാരികള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ ശ്രമകരമായ ഇടപെടലിന് ഒടുവിലാണ് അതിസങ്കീര്‍ണമായ നിയമനടപടികള്‍ ഒഴിവായത്. മാസങ്ങളോളം മൊയ്തീന്റെ ബന്ധുക്കള്‍ നേരിട്ട അനിശ്ചിതത്വം കൂടിയാണ് ഇല്ലാതാകുന്നത്.

ഇക്കഴിഞ്ഞ പത്ത് മാസത്തിലേറെയായി മൃതദേഹം വിട്ടു കിട്ടാന്‍ മൊയ്തീന്റെ ബന്ധുക്കള്‍ സമീപിക്കാത്ത ഇടങ്ങള്‍ ഇല്ലായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍, സംഘടനകള്‍, രാഷ്ട്രീയ നേതൃത്വങ്ങള്‍ അടക്കം നിരവധി പേരുമായി ബന്ധപ്പെട്ടെങ്കിലും നീതി സാധ്യമായില്ല.

ഇതിനൊടുവിലാണ് പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് മൊയ്തീന്റെ സഹോദരന്‍ എം.എ യൂസഫലിയെ സമീപിച്ചത്, സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ എം.എ യൂസഫലി ഉടന്‍തന്നെ ഭരണാധികാരികളെ അടക്കം ബന്ധപ്പെടുകയും സങ്കീര്‍ണമായ നിയമനടപടികള്‍ ഒഴിവാക്കി മൃതദേഹം വിട്ടുനല്‍കാന്‍ അധികാരികള്‍ അനുമതി നല്‍കുകയുമായിരുന്നു.

കഴിഞ്ഞ 24 വര്‍ഷമായി മൊയ്തീന്‍ ഗള്‍ഫിലായിരുന്നു. വീട്ടുകാരുമായി അധികം അടുപ്പം പുലര്‍ത്തിയിരുന്നില്ല. ഏറ്റവും അടുത്ത ബന്ധുക്കളൊഴികെയുള്ളവരെ മൊയ്തീന്‍ ബന്ധപ്പെട്ടിരുന്നില്ല. അഞ്ച് വര്‍ഷത്തിലൊരിക്കലേ ബന്ധുക്കളെ വിളിക്കാറുള്ളൂ. 2022 ഒക്ടോബര്‍ 19ന് ബഹ്‌റൈനിലെ റോഡരികില്‍ മൊയ്തീനെ അവശനിലയില്‍ കണ്ട പ്രദേശവാസികള്‍, ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അടുത്ത ദിവസം ആശുപത്രിയില്‍ വച്ച് മൊയ്തീന്‍ മരണപ്പെട്ടു. അസ്വഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹം സല്‍മാനിയ മോര്‍ച്ചറിയിലേക്ക് മാറ്റി.