ഗൾഫിൽ നിന്ന് വിമാനമിറങ്ങിയ ഉടൻ വധശ്രമക്കേസ് പ്രതി വിമാനത്താവളത്തില്‍ പിടിയില്‍

0
4077

കരിപ്പൂർ: വധശ്രമ കേസില്‍ പ്രതിയായി ജാമ്യത്തിലിറങ്ങിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതി വിമാനത്താവളത്തില്‍ അറസ്റ്റിലായി.  കോരന്‍പീടിക സ്വദേശി റമീസ് ബയാന്‍ (25)നെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടികൂടിയത്.

പരിയാരം സ്‌റ്റേഷന്‍ പരിധിയില്‍ 2017 ല്‍ നടന്ന വധശ്രമക്കേസില്‍ പ്രതിയായിരുന്ന റമീസ്
ഗള്‍ഫിലേക്ക് മുങ്ങിയിരുന്നു. തുടര്‍ന്ന് കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും, പോലീസ് ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. വിദേശത്തു നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയതോടെയാണ് പിടിയിലായത്.

കോടതി വാറണ്ട് പുറപ്പെടുവിച്ചതിനാല്‍ വിമാനത്താവള അധികൃതര്‍ റമീസിനെ തടഞ്ഞുവെച്ച് പരിയാരം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പരിയാരം എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിമാനത്താവളത്തില്‍ എത്തിയാണ് റമീസിനെ കസ്റ്റഡിയിലെടുത്തത്.
റമീസിനെ തളിപ്പറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്  കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.