‘കുറച്ച് എണ്ണ എടുത്തിട്ടുണ്ട്, പൊരുത്തപ്പെട്ടു തരിക’: ബൈക്കിൽനിന്ന് എണ്ണയൂറ്റി 10 രൂപ വച്ച് അജ്ഞാതൻ

ഊറ്റിയ പെട്രോളിനുള്ള പ്രതിഫലമായി രണ്ട് അഞ്ച് രൂപാത്തുട്ടുകളും ബൈക്കിൽ വച്ചിട്ടുണ്ട്

കോഴിക്കോട്: വീട്ടിൽക്കയറി മോഷണം നടത്തിയ ശേഷം കുറിപ്പ് വച്ച് മടങ്ങുന്ന മോഷ്ടാക്കളെക്കുറിച്ചുള്ള വാർത്തകൾ മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റിയ ശേഷം ഉടമയോട് മാപ്പപേക്ഷിച്ചുകൊണ്ട് അജ്ഞാതൻ എഴുതിയ കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അരുൺലാൽ എന്നയാളുടെ ബൈക്കിൽ നിന്നാണ് അജ്ഞാതൻ പെട്രോൾ ഊറ്റിയത്. കോഴിക്കോട് ബൈപ്പാസിലാണ് അദ്ദേഹം തന്റെ ബുള്ളറ്റ് പാർക്ക് ചെയ്തിരുന്നത്. തിരിച്ചുവന്നപ്പോൾ കണ്ടതാകട്ടെ ഒരു കത്തും, പത്ത് രൂപയും.

‘കുറച്ച് എണ്ണ എടുത്തിട്ടുണ്ട്. പൊരുത്തപ്പെട്ടുതരിക. പ്ലീസ്, ഗതികേടുകൊണ്ടാണ്, എന്ന് ഞങ്ങൾ…പത്ത് രൂപ വച്ചിട്ടുണ്ട്…പമ്പിൽ എത്താൻ വേണ്ടിയാണ്, പമ്പിൽ നിന്ന് കുപ്പിയിൽ എണ്ണ തരില്ല. അതുകൊണ്ടാണ്.’ – എന്നാണ് കുറിപ്പിലുണ്ടായിരുന്നത്.

എന്താണ് സംഭവിച്ചതെന്ന് അരുൺലാലിന്റെ വാക്കുകളിലൂടെ: ‘‘ഞാൻ കോഴിക്കോട് മെഡിക്കൽ കോളജിന് അടുത്താണ് താമസം. ഞാൻ ചേലമ്പ്രയിലുള്ള ദേവകി അമ്മ മെമ്മോറിയൽ കോളജ് ഓഫ് ഫാർമസിയിൽ അധ്യാപകനാണ്. മഴയായതുകൊണ്ട് ബൈക്ക് തൊണ്ടയാട് പാലത്തിന്റെ താഴെ കൊണ്ടുപോയി വച്ചശേഷം സുഹൃത്തുക്കൾക്കൊപ്പം കാറിലാണ് ഞാൻ കോളജിലേക്കു പോകുന്നത്.

കഴിഞ്ഞ ദിവസവും ഞാൻ ഇതുപോലെ ബൈക്ക് പാലത്തിന്റെ അടിയിൽവച്ച് കാറിൽ കോളജിലേക്കു പോയി. തിരികെ വന്ന് ബൈക്ക് എടുത്ത് വീട്ടിൽ എത്തിയപ്പോഴാണ് മഴക്കോട്ടിന്റെ കവറിൽനിന്ന് നാണയത്തുട്ടുകൾ താഴെ വീണത്. നോക്കുമ്പോൾ അതിൽ ഒരു ചെറിയ കുറിപ്പുമുണ്ട്. വണ്ടിയിൽനിന്ന് പെട്രോൾ ഊറ്റിയെടുത്തെന്നും അതിന്റെ പണം വയ്ക്കുന്നുവെന്നുമാണ് കുറിപ്പിലുള്ളത്.’

‘‘പെട്രോൾ ഊറ്റുന്നത് പലയിടത്തും സംഭവിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തിൽ കുറിപ്പും പണവും വയ്ക്കുന്നത് അങ്ങനെ കേട്ടിട്ടില്ല. അതുകൊണ്ട് ഇക്കാര്യം ഞാൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചു എന്നേയുള്ളൂ. ഇനി ഇക്കാര്യം അതുവച്ച ആളുകളിലേക്ക് എത്തുകയാണെങ്കിൽ എനിക്ക് അവരെ നേരിൽ കണ്ടാൽ കൊള്ളാമെന്നുണ്ട്’ – അരുൺലാൽ പറഞ്ഞു.

കോഴിക്കോട് Byepass ൽ Park ചെയ്തിരുന്ന എന്റെ Bullet ൽ ആരോ എഴുതി വച്ചു പോയത്. "കൈ നിറയെ ധനം ഉള്ളവനല്ല മനസ്സ് നിറയെ നന്മയുള്ളവനാണ് സമ്പന്നൻ"

Posted by Arunlal Vb on Monday, July 24, 2023

Most Popular

error:
Exit mobile version