പ്രവാസി മലയാളികൾക്ക്‌ നോർക്ക റൂട്ട്‌സ് വകുപ്പിനെക്കുറിച്ചറിയാം; ഒട്ടേറെ ആനുകൂല്യങ്ങളും പദ്ധതികളുമാണ് നോർക്കയിലുള്ളത്

0
2433

പ്രവാസി മലയാളികൾക്ക്‌ നോർക്ക റൂട്ട്‌സ് കാര്യ വകുപ്പിനെക്കുറിച്ചറിയാം. പ്രവാസി മലയാളികൾക്കായി ഒട്ടേറെ ആനുകൂല്യങ്ങളും പദ്ധതികളുമാണ് നോർക്കയിലുള്ളത്. അംഗത്വമെടുക്കുന്നത് എങ്ങനെ, എന്തൊക്കെ പദ്ധതികൾ എന്നറിയാം.

അംഗത്വമെടുക്കാൻ
നോർക്കയുടെ https://norkaroots.org/ml/nrk-id-card സൈറ്റിൽ റജിസ്റ്റർ ചെയ്യാം. വെബ്‌സൈറ്റിൽ പ്രവേശിച്ച് പുതുതായി ഒരു അക്കൗണ്ട് എടുത്ത ശേഷം വേണം അംഗത്വത്തിന് അപേക്ഷിക്കാൻ. 18നും 70നും ഇടയിൽ പ്രായമുള്ള, കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന (താമസിക്കുന്ന) മലയാളികൾക്കാണ് നോർക്കയുടെ പ്രവാസി ഐഡി കാർഡ് ലഭിക്കുന്നത്.

6 മാസത്തിൽ കുറയാത്ത കാലാവധിയുള്ള വീസയും പാസ്‌പോർട്ടും ഉണ്ടാകണം. പാസ്‌പോർട്ടിന്റെ ആദ്യത്തെ പേജും അവസാനത്തെ മേൽവിലാസമടങ്ങിയ പേജിന്റെയും പകർപ്പ്, തൊഴിൽ വീസ/റസിഡൻസ് പെർമിറ്റ് പകർപ്പ്, ഫോട്ടോ എന്നിവയാണ് അംഗത്വത്തിന് ആവശ്യമായ രേഖകൾ.ജിഎസ്ടി ഉൾപ്പെടെ 372 രൂപയാണ് അംഗത്വഫീസ്. 

പ്രധാന  പദ്ധതികൾ

പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസിയാണ് പദ്ധതിയിൽ പ്രധാനപ്പെട്ടത്. ഗുരുതര രോഗത്തിനുള്ള ചികിത്സയ്ക്കായി 1 ലക്ഷം രൂപ, അപകട മരണത്തിന് 2 ലക്ഷം, അപകടത്തെ തുടർന്ന് അംഗവൈകല്യം സംഭവിച്ചാൽ ഒരു ലക്ഷം രൂപ വരെയാണ് ഇൻഷുറൻസ് കവറേജ്.

ഒരു വർഷത്തേക്ക് 649 രൂപയാണ് ഇൻഷുറൻസ് ഫീസ്. വിദേശത്ത് നിന്ന് മടങ്ങി നാട്ടിൽ സ്ഥിരതാമസമാക്കുന്നവർക്കുള്ളതാണ് പ്രവാസി പുനരധിവാസ പദ്ധതി. 2 വർഷത്തെ പ്രവാസം മതിയാക്കി മടങ്ങിയെത്തിയവർക്കും പദ്ധതി ആനുകൂല്യം ലഭിക്കും. നോർക്കയുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്ന ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് സംരംഭങ്ങൾ തുടങ്ങാനുള്ള വായ്പകൾ ലഭിക്കും. പരമാവധി 3 ലക്ഷം വരെ മൂലധന സബ്‌സിഡിയും കൃത്യമായി തിരിച്ചടക്കുന്നവർക്ക് 3 ശതമാനം പലിശ സബ്‌സിഡിയും ലഭിക്കും.

സാന്ത്വനം പദ്ധതിയുടെ കീഴിൽ ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സയ്ക്ക് പരമാവധി 50,000 രൂപ, മറ്റ് രോഗങ്ങൾക്ക് 25,000 രൂപ, 15,000 രൂപ വരെ വിവാഹസഹായം, വീൽ ചെയർ പോലുള്ള ഉപകരണങ്ങൾ വാങ്ങാൻ പരമാവധി 10,000 രൂപ എന്നിവയാണ് സഹായമായി ലഭിക്കുക. അംഗം മരിച്ചാൽ കുടുംബത്തിന് പരമാവധി 1 ലക്ഷം രൂപവരെ സഹായം ലഭിക്കും.

മരിച്ച അംഗത്തിന്റെ കുടുംബത്തിന് ലഭിക്കുന്ന ഒറ്റത്തവണ ധനസഹായ പദ്ധതിയാണ് കാരുണ്യം. വിദേശത്ത് മരിച്ചാൽ  50,000 രൂപ വരെയും കേരളത്തിന് പുറത്ത്, ഇന്ത്യയ്ക്കുള്ളിലെങ്കിൽ 15,000 രൂപ വരെയും സഹായം ലഭിക്കും. വിദേശങ്ങളിൽ ജോലി ചെയ്ത് മടങ്ങിയെത്തിയവർ, കോവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിലെത്തി മടങ്ങി പോകാൻ കഴിയാത്തവർ എന്നിവർക്കായുള്ള സംരംഭകത്വ പദ്ധതികളാണ് പ്രവാസി ഭദ്രത. പരമാവധി 2 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ ലഭിക്കും.