വ്യാജ ബി.ടെക് സർട്ടിഫിക്കറ്റ്: സഊദിയിൽ ഇന്ത്യക്കാരന് തടവും പിഴയും

0
2385

ദമാം: വ്യാജ ബി.ടെക് സർട്ടിഫിക്കറ്റ് നൽകിയ ഇന്ത്യക്കാരന് തടവും പിഴയും. കിഴക്കൻ സഊദിയിലെ ദമാമിലാണ് യുവാവ് പിടിയിലായത്. വ്യാജ ബി.ടെക് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ ഇദ്ദേഹം സർട്ടിഫിക്കറ്റ് പരിശോധനയിൽ പിടിയിലാകുകയായിരുന്നു. തുടർന്ന് ദമാം ക്രിമിനൽ കോടതി ഇദ്ദേഹത്തിന് ഒരു വർഷം തടവും 5000 റിയാൽ പിഴയും ചുമത്തി.

ദമാം ക്രിമിനൽ കോടതിയുടേതാണ് വിധി. ഉസ്മാനിയ യൂനിവേഴ്‌സിറ്റിയുടെ പേരിലുള്ള വ്യാജ ബി.ടെക് സർട്ടിഫിക്കറ്റാണ് ഇന്ത്യക്കാരൻ ഉപയോഗിച്ചത്. സഊദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് അംഗത്വത്തിനു വേണ്ടി സമർപ്പിച്ചപ്പോഴാണ് വ്യാജ സർട്ടിഫിക്കറ്റാണെന്ന് തെളിഞ്ഞത്. ചില പ്രൊഫഷ്നുകളിലെ ഇഖാമ പുതുക്കാൻ സഊദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് അംഗത്വം നിർബന്ധമാണ്.

ഇതാണ് ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ നൽകി ശ്രമം നടത്തുന്നത്. എന്നാൽ, സഊദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിൽ സമർപ്പിക്കുന്ന സർട്ടിഫിക്കറ്റ് പ്രത്യേക ഏജൻസികൾ വഴി പഠനം നടത്തിയ സർവ്വകലാശാലകളിലേക്ക് അയച്ചു വെരിഫിക്കേഷൻ നടത്തിയാണ് പരിശോധന പൂർത്തിയാക്കുന്നത്. ഇതാണ് ഇത്തരത്തിലുള്ള വ്യാജ സട്ടിഫിക്കറ്റുകൾ പിടിക്കപ്പെടാൻ കാരണം.

നേരത്തെ കുവൈത്തിലും വ്യാജന്മാർ കുടുങ്ങിയിരുന്നു. കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സും മാന്‍പവര്‍ അതോറിറ്റിയും സഹകരിച്ച് നടത്തിയ എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റ് പരിശോധയിൽ നാല് പ്രവാസി ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു വ്യാജന്മാരെ പിടികൂടിയിരുന്നു.