സെർബിയൻ താരവും സഊദിയിലേക്ക്; കരാർ 34 മില്യൺ പൗണ്ടിനെന്ന് റിപ്പോർട്ട്

0
813

റിയാദ്: ഫുട്‍ബോൾ രംഗത്ത് ആധിപത്യം സ്ഥാപിക്കാനുള്ള സഊദി അറേബ്യയുടെ നീക്കത്തിന്റെ ഭാഗമായി സെർബിയൻ താരവും സഊദി അറേബ്യയിലേക്കെത്തുന്നു. സെർബിയൻ മിഡ്ഫീൽഡർ സെർജി മിലിങ്കോവിച്ച് സാവിച് സൈനിംഗ് സഊദിയിലെ പ്രമുഖ ക്ലബ്ബായ അൽ ഹിലാലിലേക്കാണ് എത്തുന്നത്. ഇതോടെ, സഊദി ക്ലബ്ബ് ഫുട്‌ബോൾ രംഗം കൂടുതൽ ശക്തരായി.

പോർച്ചുഗൽ മിഡ്ഫീൽഡർ റൂബൻ നെവ്സ്, ആന്ദ്രെ കാരിലോ, സെനഗൽ ഡിഫൻഡർ കലിഡൗ കൗലിബാലി എന്നിവരടങ്ങിയ അൽ ഹിലാലിന്റെ താരനിരയിലെക്കാണ് മിലിങ്കോവിച്ച് സാവിക് കാൽപന്തുകളിയിലെ ഏറ്റവും പുതിയ വിസ്‌മയങ്ങൾ തീർക്കാനെത്തുന്നത്. ലാസിയോ ക്ലബ്ബിൽ നിന്നാണ് താരം സഊദിയിലെ അൽഹിലാലിലേക്ക് എത്തുന്നത്.

2026 വരെ സാവിക്കിന്റെ കരാർ തുടരുമെന്നാണ് സ്ഥിരീകരണം. നാല് തവണ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ അൽ ഹിലാൽ ക്ലബ്ബ് തങ്ങളുടെ ആധിപത്യം നിലനിർത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നീക്കങ്ങൾ. അതേസമയം, എത്ര തുകക്കാണ് കരാർ വിശദീകരണമൊന്നും ക്ലബ്ബ് വിട്ടിട്ടില്ല.
മെഡിക്കൽ ടെസ്റ്റുകൾ വിജയിച്ചതിന് ശേഷം താരം ഓസ്ട്രിയയിലെ അൽ-ഹിലാലിന്റെ പ്രീ-സീസൺ ക്യാമ്പിൽ ചേരും. എന്നാൽ, സെർബിയൻ മിഡ്ഫീൽഡർക്കായി സഊദി ക്ലബ് ഏകദേശം 34 മില്യൺ പൗണ്ട് നൽകുമെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.

28-കാരനെ നിലനിർത്താനുള്ള തന്റെ ശ്രമം തുടരുകയാണെന്ന ലാസിയോ പ്രസിഡന്റ് ക്ലോഡിയോ ലോറ്റിറ്റോ അറിയിച്ചിരുന്നുവെങ്കിലും ഒടുവിൽ താരം സഊദിയിലേക്ക് ചേക്കേറുകയായിരുന്നു. ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളാ മിലിങ്കോവിച്ച്-സാവിച് സെരിയുടെ ഈ നീക്കം ഇറ്റാലിയൻ ഫുട്ബോളിൽ ഞെട്ടലുണ്ടാക്കും.

കഴിഞ്ഞ ജനുവരിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിലേക്ക് മാറിയത് മുതൽ സഊദി പ്രോ ലീഗ് യൂറോപ്പ് ആസ്ഥാനമായുള്ള കളിക്കാർക്ക് ആകർഷകമായി മാറിയിട്ടുണ്ട്. ലീഗ് ചാമ്പ്യൻമാരായ അൽ-ഇത്തിഹാദ് ബാലൺ ഡി ഓർ ജേതാവ് കരിം ബെൻസെമയെയും മുൻ ചെൽസി മിഡ്ഫീൽഡർ എൻഗോലോ കാന്റെയെയും ടീമിൽ എടുത്ത് കരാർ ഉറപ്പിച്ചിരുന്നു. ഇന്റർ മിലാന്റെ ക്രൊയേഷ്യൻ മിഡ്ഫീൽഡർ മാർസെലോ ബ്രോസോവിച്ച് അൽ നാസറിലും ചേർന്നു.

66 ട്രോഫികൾ നേടി സഊദി അറേബ്യയിലെയും ഏഷ്യയിലെയും ഏറ്റവും കൂടുതൽ ട്രോഫികൾ അലങ്കരിച്ച ക്ലബ്ബാണ് അൽ ഹിലാൽ. 18 ലീഗ്, നാല് ഏഷ്യൻ ചാമ്പ്യൻസ് കിരീടങ്ങളുടെ റെക്കോർഡ് ക്ലബ്ബ് ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.