റിയാദ്: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി സൂപ്പര്‍ താരം സഹല്‍ അബ്ദുല്‍ സമദ് സഊദി പ്രോ ലീഗിലേക്ക് എത്തിയേക്കെത്തുമോയെന്ന ചോദ്യവുമായി സോഷ്യൽ മീഡിയകളിൽ ചർച്ചകൾ സജീവം. ഇന്ത്യന്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ആഴ്ചകളായി ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് സഹല്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മുന്‍നിര ക്ലബ്ബുകളായ മോഹന്‍ ബഗാനും മുംബൈ സിറ്റിയും സ്വന്തമാക്കാന്‍ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്ന താരത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്കും കണ്ണുണ്ട്. ഇതിനിടെയാണ് സഹലിനെ സഊദി ക്ലബ്ബും നോട്ടമിട്ടെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ഫുട്ബോളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ട്വീറ്റ് ചെയ്യുന്ന ട്വിറ്റർ ഹാൻഡിലുകളിലാണ് വാർത്ത പ്രത്യക്ഷപ്പെട്ടത്. സഊദി ക്ലബ്ബുകളുടെ റഡാറിൽ സഹൽ ഉണ്ടെന്നും കാര്യങ്ങളെല്ലാം അനുകൂലമായാൽ സഊദി പ്രോ ലീഗിൽ പന്ത് തട്ടുന്ന ആദ്യ ഇന്ത്യക്കാരനാകും എന്നാണ് ഒരു ട്വീറ്റ്. സഹലിനെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണമാണ് സഊദി ക്ലബ്ബുകൾ നടത്തിയതെന്നും താരം അങ്ങോട്ട് പോകാനുള്ള സാധ്യത കുറവാണെന്നും മറ്റൊരു ട്വിറ്റർ ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ടു. കേരള ബ്ലാസ്റ്റേഴ്‌സ് താരമായ സഹലിനെ നോട്ടമിട്ട് വമ്പൻ ക്ലബ്ബുകൾ രംഗത്തുള്ളതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ക്രിസ്റ്റിയാനോ റൊണാള്‍ഡോ, കരീം ബെന്‍സേമ, റോബര്‍ട്ടോ ഫിര്‍മിനോ തുടങ്ങിയ വമ്പന്‍മാര്‍ കളിക്കുന്ന സഊദി ലീഗ് ഈയടുത്തായി ഏറ്റവും കായികശ്രദ്ധ ലഭിച്ച ലീഗായി മാറിക്കൊണ്ടിരിക്കെയാണ് പുതിയ റിപ്പോര്‍ട്ടുകളെന്നും ശ്രദ്ധേയമാണ്. സഊദി ലീഗിലെ പ്രമുഖ ക്ലബുകളായ അല്‍ നസര്‍, അല്‍ ഹിലാല്‍ എന്നീ ടീമുകളുടെ സ്‌കൗട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നാലെയാണ് ഫുട്‌ബോളുമായി ബന്ധപ്പെട്ട ഹാന്‍ഡിലുകള്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
അതേസമയം, സഹലിനു വേണ്ടി പ്രോ ലീഗില്‍ നിന്ന് പ്രാഥമിക അന്വേഷണം നടന്നുവെന്നത് സത്യമാണെന്നും എന്നാല്‍ അതിനപ്പുറം ട്രാന്‍സ്ഫര്‍ ചര്‍ച്ചകള്‍ നടക്കാനുള്ള സാധ്യതകള്‍ പോലും വിദൂരമാണെന്നും കേരളാ ബ്ലാസ്‌റ്റേഴ്‌സുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയെന്നാണ് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന വൃത്തങ്ങൾ പറയുന്നത്. ഏതായാലും, വാർത്ത സോഷ്യൽ മീഡിയകളിൽ വൻ ചർച്ചയാണ്.
സഊദി ലീഗില്‍ നിന്ന് സഹലിന് ഒരു അന്വേഷണം വന്നിട്ടുണ്ടെന്നും ഇത് അദ്ദേഹത്തെ ലഭിക്കുമോ എന്നറിയാന്‍ വേണ്ടി മാത്രമാണെന്നുമാണ് ഇതിനകം പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഏതാണ് സഊദി ക്ലബ്ബ് എന്നത് വ്യക്തമല്ല. ഒരു താരത്തില്‍ ക്ലബ്ബ് നോട്ടമിടുമ്പോള്‍ ആദ്യപടിയായ പ്രാഥമിക അന്വേഷണം മാത്രമാണ് ഇക്കാര്യത്തില്‍ നടന്നതെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ട്രാന്‍സ്ഫര്‍ നടക്കാനുള്ള സാധ്യത വളരെ കുറവാണെങ്കിലും നടന്നാല്‍ അത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഇടം പിടിക്കുന്ന കാര്യമായിരിക്കും.
അടുത്തിടെ ബ്ലാസ്‌റ്റേഴ്‌സുമായുള്ള സഹല്‍ അവസാനിപ്പിക്കാനൊരുങ്ങുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. നേരത്തെ സാഫ് ഇന്ത്യന്‍ ടീമിന് ആശംസ അറിയിച്ചുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ ചില പോസ്റ്ററില്‍ സഹല്‍ ഇല്ലാത്തതും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇത് വലിയ വിവാദമായതോടെ പിന്നീട് സഹലിനെ പോസ്റ്ററില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
2025 വരെയാണ് ബ്ലാസ്‌റ്റേഴ്‌സുമായുള്ള സഹലിന്റെ കരാര്‍. താരത്തിനു താല്‍പര്യമുണ്ടെങ്കില്‍ അതിനു മുമ്പ് തന്നെ കരാര്‍ നീട്ടിനല്‍കാന്‍ തയാറാണെന്നും ബ്ലാസ്‌റ്റേഴ്‌സ് വ്യക്തമാക്കിയിട്ടുണ്ട്. 26കാരനായ സഹല്‍ ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമാണ്.
യുഎഇയിലെ എത്തിഹാദ് സ്‌പോര്‍ട്‌സിന്റെ ഭാഗമായിരുന്ന സഹല്‍, 2017 മുതല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പമുള്ള സഹൽ ടീമിനായി 97 മത്സരങ്ങള്‍ കളിക്കുകയും 10 ഗോളുകള്‍ നേടിയിട്ടുണ്ട്. എല്ലാ ഔട്ട്ഫീല്‍ഡ് പൊസിഷനുകളും കളിക്കാന്‍ കഴിയുന്ന ഒരു ബഹുമുഖ കളിക്കാരനായ സഹല്‍, മിക്കപ്പോഴും അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായോ സെക്കന്റ് സ്‌ട്രൈക്കറായോ ആണ് കളിക്കാറുള്ളത്. ഇതോടൊപ്പം ദേശീയ ടീമിലും അവിഭാജ്യഘടകമാണ് ഈ തലശ്ശേരിക്കാരന്‍. 25 മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ച താരം 3 ഗോളുകളും അത്രയും അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.