മഹ്റം ഇല്ലാതെയും ഉംറക്ക് വരാം, രാജ്യത്തെവിടെയും സന്ദർശിക്കാം, 90 ദിവസ കാലാവധിയുള്ള വിസയാണ് നൽകുന്നത്
മക്ക: ഉംറയ്‌ക്കുള്ള ഇലക്‌ട്രോണിക് വിസകൾ അനുവദിച്ചു തുടങ്ങിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഉംറയുടെ കർമ്മങ്ങൾ നിർവഹിക്കുന്നതിനും പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനും കൂടുതൽ മുസ്‌ലിംകളെ രാജ്യത്തേക്ക് വരാൻ പ്രാപ്തരാക്കുക, അതിലേക്ക് അവർ എത്തിച്ചേരുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുക എന്നിവ ലക്ഷ്യമാക്കി ഇന്നലെ (ചൊവ്വാഴ്‌ച) മുതൽ തന്നെ ഓൺലൈൻ വിസ നൽകിതുടങ്ങിയതായി മന്ത്രാലയം അറിയിച്ചു.
മുഹറം 1 മുതൽ ഉംറ തീർഥാടകരുടെ വരവ് ആരംഭിക്കുന്ന തീയതിയിലാണ് വിസ ഇഷ്യു ചെയ്യുന്നത്. ഉംറ തീർത്ഥടനത്തിനായി “നുസുക്” പ്ലാറ്റ്ഫോം വഴി ഇലക്ട്രോണിക് വിസകൾ നൽകുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കാൻ കഴിയുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളിൽ ഉംറ വിസ നൽകുകയും ഉംറ വിസ 30 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുകയും ചെയ്തിട്ടുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എല്ലാ മുസ്‌ലിംകൾക്കും മക്ക അൽ മുകറമ, അൽ മദീന അൽ മുനവ്വറ എന്നിവിടങ്ങളിൽ എത്തിച്ചേരുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുകയും അവർക്ക് പാർപ്പിടം, താമസം, ഗതാഗതം എന്നിവ തിരഞ്ഞെടുക്കാൻ സൗകര്യം ഒരുക്കുകയും ചെയ്യുന്നതാണ് പ്ലാറ്റ്‌ഫോമിന്റെ സവിശേഷത. പുറമെ, നിരവധി ഭാഷകളിലുള്ള സമ്പുഷ്ടീകരണ വിവരങ്ങളുടെയും സംവേദനാത്മക മാപ്പുകളും പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.
ഉംറയുടെ പുതുക്കിയ നടപടിക്രമങ്ങൾ അനുസരിച്ച് പുരുഷ രക്ഷാധികാരിയില്ലാതെ (മഹ്‌റം) ഉംറ നിർവഹിക്കാൻ സ്ത്രീകളെ അനുവദിക്കുന്നുണ്ട്. കൂടാതെ, രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തെക്കുറിച്ച് പഠിക്കാനും അവരുടെ മതപരവും സാംസ്കാരികവുമായ അനുഭവങ്ങൾ സമ്പന്നമാക്കാനും ഉംറ നിർവഹിക്കുന്നവർക്ക് രാജ്യത്തിന്റെ തനതായ സ്ഥലങ്ങൾ സന്ദർശിക്കാനും ഇപ്പോൾ അനുവാദമുണ്ട്.
ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ താമസക്കാരിൽ നിന്നും വിനോദസഞ്ചാര ആവശ്യങ്ങൾക്കായി വിസിറ്റ് വിസ നേടിയവർക്കും “ഷെങ്കൻ” രാജ്യങ്ങളായ അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും പ്രവേശന വിസ നേടിയവർക്കും സഊദിയിലേക്ക് പ്രവേശിക്കും മുമ്പ് തന്നെ ഉംറക്കായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാമെന്ന് നേരത്തെ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഉംറ നിർവ്വഹിക്കാനും റൗദയിൽ പ്രവേശിച്ച് നിസ്കാരം നിർവ്വഹിക്കാനും പെർമിറ്റ് നിർബന്ധമാണ്.
ഇതോടൊപ്പം തന്നെ, സഊദിയിൽ താമസിക്കുന്ന കുടുംബങ്ങൾ, സഊദിയിലേക്കുള്ള വ്യക്തിപരം, ഇലക്ട്രോണിക് ടൂറിസം, സന്ദർശനം തുടങ്ങി എല്ലാത്തരം വിസകളും ഉള്ളവർക്ക് ഉംറ ചെയ്യാനും പുണ്യ ഭൂമികളിൽ പ്രവേശിക്കാനും തീർത്ഥാടനം ചെയ്യാനും അനുവാദമുണ്ടെന്നും അധികൃതർ അറിയിച്ചു. എന്നാൽ, ഏതൊരാൾക്കും ഉംറ നിർവ്വഹിക്കാനും റൗദയിൽ പ്രവേശിച്ച് നിസ്കാരം നിർവ്വഹിക്കാനും പെർമിറ്റ് നിർബന്ധമാണ്. മക്ക, മദീന പള്ളികളിൽ പ്രവേശിക്കാനോ വിശുദ്ധ ഹറമിൽ നമസ്‌കാരങ്ങളിൽ പങ്കെടുക്കാനോ ഇപ്പോൾ ആർക്കും പെർമിറ്റ് ആവശ്യമില്ല. പ്രവാചക ഖബറിടം സന്ദർശിച്ച് സലാം പറയാനോ പെർമിറ്റുകളുടെ ആവശ്യമില്ല.
അഞ്ചിൽ കുറവ് പ്രായമുള്ളവർക്കും ഹറമിൽ പെർമിറ്റ് ആവശ്യമില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഇവർക്ക് ബന്ധുക്കൾക്കൊപ്പം ഹറമിൽ പ്രവേശിക്കാവുന്നതാണ്. ഉംറ പെർമിറ്റ് അനുവദിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം അഞ്ചു വയസാണ്. പെർമിറ്റുകൾ അനുവദിക്കാൻ കൊറോണ ബാധിക്കാത്തവരും രോഗികളുമായി സമ്പർക്കത്തിലേർപ്പെടാത്തവരും ആയിരിക്കണമെന്ന് വ്യവസ്ഥയുണ്ടെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.