വിസ്താരയുടെ വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു യാത്രക്കാരന്‍, തന്‍റെ മകളെ മറ്റൊരു യാത്രക്കാരന്‍ സ്പര്‍ശിച്ചെന്ന് ആരോപിച്ച് ബഹളം വയ്ക്കുന്നതാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ. വീഡിയോ ഇതിനകം ഒരു ലക്ഷത്തി എണ്‍പതിനായിരത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. നിരവധി പേര്‍ വിഡിയോയ്ക്ക് പ്രതികാരിക്കാനെത്തി.
വീഡിയോയുടെ തുടക്കത്തില്‍ ഒരു പെണ്‍കുട്ടി ‘ഹൗ ഡെയർ യു’ എന്ന് അലറുന്നത് കേള്‍ക്കാം. പിന്നാലെ ഒരു സീറ്റില്‍ നിന്ന് ഒരു യാത്രക്കാരന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതും എയര്‍ ഹോസ്റ്റസ് ഇയാളെ ശാന്തനാക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. യാത്രക്കാരന്‍ പെണ്‍കുട്ടിയുടെ നേരെ ആക്രോശിക്കുമ്പോള്‍ എയര്‍ ഹോസ്റ്റസ് ക്യാപ്റ്റനെ വിളിക്കാന്‍ ആവശ്യപ്പെടുന്നു. ഇതിനിടെ വിമാനത്തിലെ മറ്റ് യാത്രക്കാരും പ്രശ്നത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നതിനിടെ വീഡിയോ അവസാനിക്കുന്നു. പ്രശ്നത്തില്‍ പിന്നീട് എന്ത് സംഭവിച്ചെന്ന് റിപ്പോര്‍ട്ട് പറയുന്നില്ല.