റിയാദ്: ഈ വർഷം ആദ്യമായി സഊദി ആകാശത്ത് തിങ്കളാഴ്ച സൂപ്പർമൂൺ ദൃശ്യമാകുമെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു. “പെരിഹെലിയൻ മൂൺ” എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ സംഭവം ഭൂമിയോട് ഏറ്റവും അടുത്ത ദൂരത്തിൽ ഭ്രമണപഥത്തിൽ കാണുമെന്ന് ജിദ്ദയിലെ ജ്യോതിശാസ്ത്ര സൊസൈറ്റി തലവൻ മാജിദ് അബു സഹ്‌റ പറഞ്ഞു. അതായത് 361,934 കിലോമീറ്റർ ദൂര പരിധിയിൽ പൂർണ്ണ കാഴ്ചയായിരിക്കും സമ്മാനിക്കുക.
2:38 ന് സൂര്യനിൽ നിന്ന് 180 ഡിഗ്രി കോണിൽ ചന്ദ്രൻ പൂർത്തിയാകുന്ന നിമിഷത്തിലെത്തുമെന്ന് അബു സഹ്‌റ കൂട്ടിച്ചേർത്തു. സൂര്യാസ്തമയ സമയത്ത് ചന്ദ്രൻ തെക്കുകിഴക്കൻ ചക്രവാളത്തിൽ നിന്ന് ഉദിക്കും. അന്തരീക്ഷത്തിലെ പൊടിയുടെ ഫലമായി ഓറഞ്ച് നിറത്തിൽ ആവരണം ചെയ്യുന്നതിനാൽ ഓറഞ്ച് നിറത്തിൽ ആയിരിക്കും കാണാനാകുക.
ചൊവ്വാഴ്ച സൂര്യോദയത്തോടെ ചക്രവാളത്തിൽ അസ്തമിക്കുന്നതുവരെ രാത്രി മുഴുവൻ ആകാശത്തെ സൂപ്പർ മൂൺ അലങ്കരിക്കുന്നത് തുടരും. ചന്ദ്രൻ അതിന്റെ സാധാരണ വെള്ളി വെള്ള നിറത്തിൽ ദൃശ്യത പകർന്ന് നൽകും.
സാധാരണ പൂർണ്ണചന്ദ്രനെ അപേക്ഷിച്ച് സൂപ്പർമൂൺ 5.8 ശതമാനം വലുതും പ്രകാശത്തിൽ 12.8 ശതമാനം കൂടുതലും ആയിരിക്കുമെന്ന് അബു സഹ്‌റ പറഞ്ഞു. എങ്കിലും മേഘങ്ങളാലും തെരുവ് വിളക്കുകളാലും പ്രകാശത്തിലെ വ്യത്യാസം ഉണ്ടായേക്കും.
