സുന്നി ഐക്യത്തിനായി വിട്ടുവീഴ്ച ചെയ്യാം, ഐക്യത്തില്‍ ‘കോടാലി വെക്കുക എന്ന പ്രവണത സമസ്തക്കില്ല’- ജിഫ്‌രി തങ്ങള്‍

0
2030

ഏകസിവില്‍ കോഡിനെതിരെ യോജിച്ച പ്രതിഷേധത്തിന് മുന്‍കൈ എടുക്കും

മലപ്പുറം: സുന്നി ഐക്യവുമായി സമസ്തക്ക് യോജിപ്പാണ്. ഐക്യത്തിനായി വീട്ടുവീഴ്ചക്ക് തയ്യാറാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഐക്യത്തില്‍ കോടാലി വെക്കുക എന്ന പ്രവണത സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കില്ല. ഐക്യത്തിനു വേണ്ടി ചെറിയ വിട്ടു വീഴ്ചകള്‍ ചെയ്യാം. അങ്ങിനെയല്ലേ ഐക്യമുണ്ടാവുകയുള്ളൂ. മാധമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.

എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയ പ്രസ്താവനയെ ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അത് ഇനി എങ്ങനെ മുന്നോട്ടു കൊണ്ടു പോകണമെന്നത് കൂടിയാലോചിക്കേണ്ടതാണ്. അതിപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വെല്ലുവിളികള്‍ എല്ലാ കാലഘട്ടത്തിലും ഉണ്ടായിട്ടുണ്ട്. അത് ഇസ്‌ലാമിന്റെ ആവിര്‍ഭാവം മുതല്‍ ഇത്തരം വെല്ലുവിളികള്‍ ഉണ്ടായിട്ടുണ്ട്. എല്ലാ മതങ്ങള്‍ക്കും സംഘടനകള്‍ക്കും ഇതുണ്ടായിട്ടുണ്ടാവാം. വെല്ലുവിളികളെ അതിജീവിക്കാതെ ഒരു പ്രസ്ഥാനത്തിനും മുന്നേറാന്‍ കഴിയില്ല. അത് സ്വാഭാവിക സംഗതിയാണ്. ഐക്യം എന്നും അനിവാര്യതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐക്യത്തിന് തടസ്സമാവുന്നത് ഒന്നുമില്ല. ഉണ്ടെങ്കില്‍ അത് നീക്കണം. അതല്ലേ വിട്ടു വീഴ്ച.

സമസ്തയുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കാത്ത നിലക്കുള്ള വിട്ടു വീഴ്ചക്ക് തയ്യാറാണ്. മധ്യസ്ഥന്റെ ഇടപെടലോടെയോ അല്ലാതെയോ അതാവാമെന്ന് ഐക്യ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥരുടെ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. മധ്യസ്ഥര്‍ വന്നാല്‍ സന്തോഷമായി. ഇടയില്‍ ഒരാളുണ്ടാവുന്നത് നല്ലതല്ലേ എന്നും അദ്ദേഹം പ്രതികരിച്ചു. ആര്‍ക്കും മുന്‍കയ്യെടുക്കാം. സാദിഖലി തങ്ങള്‍ നേരത്തെ മുന്‍ കൈ എടുത്തിട്ടുണ്ടെന്നും മുസ്‌ലിം ലീഗ് ലീഗ് മുന്‍ കൈ എടുക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു. ആര് മുന്‍കൈ എടുത്താലും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിശദമായ കൂടിക്കാഴ്ചകള്‍ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ സുന്നി ഐക്യത്തിന് അനുകൂലമായ സമീപനം സ്വീകരിച്ച് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവന നടത്തിയിരുന്നു.

സി.ഐ.സി വിഷയം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ജിഫ്‌രി തങ്ങള്‍ പറഞ്ഞു. പാണക്കാട് കുടുംബത്തെ സമസ്തയുടെ എതിര്‍പക്ഷത്തു നിര്‍ത്താന്‍ നടക്കുന്നത് ശ്രമങ്ങളാണ്. അതെല്ലാം ചിലരുടെ ശ്രമങ്ങള്‍ മാത്രമാണ്. മുനവ്വറലി തങ്ങള്‍ തന്നെ കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കി. സാദിഖലി തങ്ങളും നേരത്തെ സമസ്തക്കൊപ്പമാണെന്ന് വ്യക്തമാക്കിയിരുന്നു. അവരെല്ലാം എക്കാലവും സമസ്തയുടെ കൂടെ നിന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

ഏകസിവില്‍ കോഡിനെതിരെ യോജിച്ച പ്രതിഷേധത്തിന് മുന്‍കൈ എടുക്കും

ഏക സിവില്‍കോഡിനെതിരെ യോജിച്ച നീക്കം വേണമെന്നും വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവ മതനിയമത്തില്‍ വരുന്നതാണ്. ഏക സിവില്‍കോഡ് ഇതിനെതിരാണ്. മുസ്‌ലിംകളെ മാത്രമല്ല, മറ്റു മതക്കാരെയും ഇത് ബാധിക്കും. ഏക സിവില്‍കോഡിനെതിരെ ബഹുജന മുന്നേറ്റമുണ്ടാകണം. അതിനെതിരെ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും തങ്ങള്‍ പറഞ്ഞു.

ഏക സിവില്‍ കോഡ് നീക്കം തള്ളിക്കളയുക സമസ്ത

കോണ്‍ഗ്രസ് ഏക സിവില്‍കോഡിനെതിരെ നിലപാട് വ്യക്താക്കിയിട്ടുണ്ട്.ഏകസിവില്‍ കോഡിനെ എതിര്‍ക്കുന്ന അവരുടെ നിലപാട് ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. മുഖ്യമന്ത്രിയും അതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. ഏകസിവില്‍ കോഡിനെ എതിര്‍ക്കുന്നവരുടെ നിലപാട് ഞങ്ങള്‍ സ്വാഗതം ചെയ്യും. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, കമ്യൂണിസ്റ്റ് പാര്‍ട്ടി തുടങ്ങി ഇതിനെ എതിര്‍ക്കുന്ന എല്ലാവരുമായും യോജിക്കും. സി.എ.എ വിഷയത്തില്‍ ചെയ്തതുപോലെ എല്ലാ പാര്‍ട്ടികളുമായും യോജിച്ച് ഏക സിവില്‍കോഡിനെതിരെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ചിന്താഗതി ഉള്ള രാഷ്ട്രീയക്കാര്‍ മറ്റു മതസ്ഥര്‍ പൊതുജനങ്ങള്‍ എല്ലാവരേയും കൂട്ടി ഇതിനെതിരെ ഒരു ബഹുജന പ്രതിഷേധം മുന്നേറ്റം ഉണ്ടാക്കേണ്ടി വരും. അതേക്കുറിച്ച് സമസ്ത ആലോചിച്ചു കൊണ്ടിരിക്കുകയാണ്. സമസ്ത അതിന് മുന്‍കൈ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണീയര്‍ സംതൃപ്തരാവണം. പല മതമുള്ളവരും ജാതികളും മതമില്ലാത്തവരും എല്ലാവരും ഉള്‍ക്കൊള്ളുന്ന രാജ്യമാണ് ഇന്ത്യ. ഇവരെയെല്ലാം ചേര്‍ത്തു പിടിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന നിലപാടാണ് ഭരണകൂടത്തിനുണ്ടാവേണ്ടത്. ഇവര്‍ക്കെല്ലാം അവരുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.