ഈജിപ്തിന്‍റെ പരമോന്നത ബഹുമതി ‘ഓഡര്‍ ഓഫ് ദ നൈല്‍’ ഏറ്റുവാങ്ങി നരേന്ദ്ര മോദി

0
1734

കെയ്‌റോയിലെ ആയിരം കൊല്ലം പഴക്കമുള്ള ഇമാം അല്‍ ഹക്കിം ബി അമര്‍ അല്ലാഹ് പള്ളിയില്‍ മോഡി സന്ദര്‍ശനം നടത്തി

ന്യൂഡല്‍ഹി: ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ ‘ഓഡര്‍ ഓഫ് ദ നൈല്‍’ (Order Of The Nile) ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമ്മാനിച്ചു. മോദിയുടെ ഈജിപ്ത് സന്ദര്‍ശനവേളയിലായിരുന്നു രാഷ്ട്രത്തലവന്‍ വിശിഷ്ടാതിഥിയ്ക്ക് ബഹുമതി കൈമാറിയത്. 26 കൊല്ലത്തിനിടെ ഈജിപ്തിലേക്ക് ഉഭയകക്ഷി സന്ദര്‍ശനത്തിനെത്തുന്ന ആദ്യഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. അബ്ദുല്‍ ഫത്താഹ് അൽ സീസിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഈജിപ്ത് സന്ദര്‍ശനത്തിനെത്തിയത്.

അബ്ദുല്‍ ഫത്താഹ് അൽസീസിയുമായി ചര്‍ച്ചകള്‍ നടത്തിയ നരേന്ദ്ര മോദി ഈജിപ്തിലെ ചരിത്രപ്രധാനമായ അല്‍ ഹക്കിം പള്ളി, കെയ്‌റോയിലെ ഹീലിയോപോളിസ് കോമണ്‍വെല്‍ത്ത് വാര്‍ സെമിട്രി എന്നിവ സന്ദര്‍ശിച്ചു. ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി അൽ സീസി സെപ്റ്റംബറില്‍ ഇന്ത്യയിലെത്തും. പ്രത്യേക ക്ഷണിതാവായാണ് സീസിയുടെ ഇന്ത്യാസന്ദര്‍ശനം.

ഒന്നാം ലോക മഹായുദ്ധത്തില്‍ വീരചരമമടഞ്ഞ ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് ഹീലിയോപോളിസ് വാര്‍ സെമിട്രിയില്‍ പ്രധാനമന്ത്രി ആദരവര്‍പ്പിച്ചു. ഈജിപ്തിലും പാലസ്തീനിലുമായി ഒന്നം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ച 4000 ത്തോളം ഇന്ത്യന്‍ പട്ടാളക്കാരുടെ ഭൗതികാവശിഷ്ടമാണ് ഇവിടെയുള്ളത്.

കെയ്‌റോയിലെ ആയിരം കൊല്ലം പഴക്കമുള്ള ഇമാം അല്‍-ഹക്കിം ബി അമര്‍ അല്ലാഹ് പള്ളിയില്‍ സന്ദര്‍ശനം നടത്തിയ മോദി ചുമരുകളിലും കവാടങ്ങളിലും ആലേഖനം ചെയ്ത കൊത്തുപണികള്‍ ആസ്വദിക്കുകയും പ്രശംസിക്കുകയും ചെയ്തു. ഇന്ത്യയിലെ ദാവൂദി ബൊഹ്‌റ സമുദായത്തിന്റെ സഹായത്തോടെയാണ് 13,560 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള ഈ ആരാധനാലയം പുനര്‍നിര്‍മിച്ചത്.