Friday, 20 March - 2026

‘മോസ്റ്റ് വാണ്ടഡ്’ കുരങ്ങിന്‍റെ തലയ്ക്ക് 21,000 രൂപ സമ്മാനം; 20 പേരെയാണ് കുരങ്ങ് ആക്രമിച്ചത്, ഒടുവിൽ പിടിയിൽ

മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ നിന്നും പ്രാദേശിക ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ഒരു കുരങ്ങിനെ പിടികൂടി. കുരങ്ങിനെ കണ്ടെത്താന്‍ ഡ്രോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചു. പിടിയിലായ ആള് ചില്ലറക്കാരനല്ല, ‘മോസ്റ്റ് വാണ്ടഡ്’ ആണ്.  കാരണം, രണ്ടാഴ്ചയ്ക്കിടെ രാജ്‌‍ഗഡ് നഗരത്തിലെ 20 പേരെയാണ് കുരങ്ങ് ആക്രമിച്ചത്.

ഏതാണ്ട് രണ്ടാഴ്ചയോളം പ്രദേശത്ത് ഭീകരാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കുരങ്ങിനെ പിടികൂടുന്നവര്‍ക്ക് 21,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചതും നാട്ടുകാരുടെ സഹായത്തോടെ അധികൃതര്‍ കുരങ്ങിനെ പിടികൂടിയതും. 

പിടികൂടിയ ശേഷം കുരങ്ങിനെ വനം വകുപ്പ് ജീവനക്കാര്‍ മൃഗസംരക്ഷണ വകുപ്പിന്‍റെ വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ ചുറ്റും കൂടിനിന്ന ആള്‍ക്കൂട്ടം ജയ് ശ്രീറാം, ജയ് ബജ്റംഗ് ബലി തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചു. കുരങ്ങിന്‍റെ ആക്രമണത്തെ തുടര്‍ന്ന് ആളുകള്‍ വീടിന് മുകളില്‍ തോക്കുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ വരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

രണ്ടാഴ്ചയ്ക്കിടെ കുരങ്ങ് ആക്രമിച്ച 20 പേരില്‍ എട്ട് പേര്‍ കുട്ടികളാണ്. വീടുകളുടെ മേല്‍ക്കൂരകളിലും മറ്റും മറഞ്ഞിരിക്കുന്ന കുരങ്ങ്, അവിചാരിതമായി ആളുകളുടെ മേലേയ്ക്ക് ചാടിയാണ് അക്രമണങ്ങള്‍ നടത്തിയതെന്ന് പ്രദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പരിക്കേറ്റവരില്‍ പലര്‍ക്കും ആഴത്തിലുള്ള പരിക്കേറ്റിരുന്നെന്നും പലര്‍ക്കും ഒന്നില്‍ കൂടുതല്‍ തുന്നലുകള്‍ ആവശ്യമായി വന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു വയോധികനെ അക്രമിക്കുന്ന സിസിടിവി ദൃശ്യത്തില്‍, കുരങ്ങ് അദ്ദേഹത്തെ ഇടിക്കുകയും താഴേയ്ക്ക് വലിക്കുകയും ചെയ്യുന്നത് കാണാമായിരുന്നു. സെക്കന്‍റുകള്‍ മാത്രമുള്ള ആക്രമണത്തില്‍ അദ്ദേഹത്തിന്‍റെ തുടയില്‍ ആഴത്തില്‍ മുറിവേറ്റു. 

Most Popular

error: