മുംബൈ: പ്രവാസികൾക്ക് ആശ്വാസമായി യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) സേവനം കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഇന്ത്യ. ബഹ്‌റൈൻ, സഊദി അറേബ്യ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്കാണ് സേവനം വ്യാപിക്കുന്നത്. ഓണ്‍ലൈന്‍ ഇടപാട് സംവിധാനം നടപ്പിലാക്കാന്‍ പല രാജ്യങ്ങളും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച ചർച്ചകള്‍ പ്രാരംഭ ഘട്ടത്തിലുമാണെന്നും നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വ്യക്തമാക്കിയിരിക്കുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അതിർത്തി കടന്നുള്ള പണമയയ്ക്കൽ ലളിതമാക്കുന്നതിനായി ഗൾഫ് രാജ്യങ്ങളുമായി ബാങ്ക്-ടു-ബാങ്ക് ട്രാൻസ്ഫർ സംവിധാനങ്ങൾ സ്ഥാപിക്കാൻ എൻപിസിഐ ശ്രമിക്കുന്നുവെന്നാണ് ദേശീയ മാധ്യമമായ മിന്റ് റിപ്പോർട്ട് ചെയ്യുന്നത്.
യുപിഐ ഉപയോഗിച്ച് രാജ്യത്തിന് പുറത്തേക്കുള്ള പണമിടപാടുകൾ വർധിപ്പിക്കുന്നതിനായി എൻപിസിഐ ഏതാനും ഗൾഫ് രാജ്യങ്ങളുമായി പ്രാഥമികഘട്ട ചർച്ചയിലാണ്. ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്കുള്ള ട്രാൻസ്ഫറുകളായിരിക്കും ആദ്യ ഘട്ടത്തില്‍ നടക്കുക. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും മറ്റ് രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളുമായുള്ള സഹകരണവും ചർച്ചകൾ സുഗമമാക്കിയിട്ടുണ്ട്, എൻപിസിഐ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ ദിലീപ് അസ്ബെ പറഞ്ഞു.
ഈ വർഷം ആദ്യം യുപി ഐയും സിങ്കപ്പൂരിലെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമായ പേനൗവും തമ്മിലുള്ള സഹകരണത്തിന് തുടക്കമായിരുന്നു. 2021-ൽ യുപിഐ സംവിധാനം സ്വീകരിക്കുന്ന ആദ്യ രാജ്യമായി ഭൂട്ടാൻ മാറിയപ്പോള്‍ 2022-ൽ നേപ്പാളും പദ്ധതിയുടെ ഭാഗമായി. അന്താരാഷ്‌ട്ര മൊബൈൽ നമ്പറുകളുള്ള എൻആർഇ/എൻആർഒ പോലുള്ള നോൺ റസിഡന്റ് അക്കൗണ്ട് യുപിഐ ഉപയോഗിച്ച് ഇടപാട് നടത്താൻ അനുവദിക്കുമെന്ന് ഈ വർഷം ജനുവരി ആദ്യം എൻപിസിഐ അറിയിച്ചിരുന്നു.
സിംഗപ്പൂർ, ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോംഗ്, ഒമാൻ, ഖത്തർ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക, സഊദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യുണൈറ്റഡ് കിംഗ്ഡം എന്നീ 10 രാജ്യങ്ങളുടെ മൊബൈൽ നമ്പറുകളിൽ നിന്നുള്ള ഇടപാടുകൾ ആരംഭിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. യുഎഇയുമായുള്ള ചർച്ചകളാണ് വലിയ തോതില്‍ പുരോഗമിച്ചിരിക്കുന്നത്. ചർച്ച എത്രയും വേഗത്തില്‍ പൂർത്തീകരിച്ചതിന് ശേഷം പദ്ധതിയുടെ പ്രഖ്യാപനവും ഉടനുണ്ടായേക്കും.
നിലവിലുള്ള ഫെമ ചട്ടങ്ങൾക്കനുസൃതമായി മാത്രമേ അത്തരം ഇടപാടുകള്‍ അനുവദിക്കുകയുള്ളു. ഇതോടൊപ്പം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. അതേസമയം, ജൂണിൽ ഇന്ത്യ ആകെ 10 ബില്യൺ യുപിഐ ഇടപാടുകൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എസ്‌ക്രോപേയിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുഭ്രാങ്ഷു നിയോഗി പറഞ്ഞു. ‘ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള ഡിജിറ്റലൈസേഷനും സാമ്പത്തിക ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുന്നതിൽ സാങ്കേതികവിദ്യയുടെ സ്വാധീനവും മൂലം ഡിജിറ്റല്‍ ഇടപാടുകള്‍ വലിയ തോതില്‍ വർധിച്ചുകൊണ്ടിരിക്കുകയാണ്’ – അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക