വാഹനം ഓടിക്കുമ്പോള്‍ രണ്ട് കണ്ണുകളും റോഡില്‍ തന്നെ ആയിരിക്കണം: ഡ്രൈവിങിലെ അശ്രദ്ധ, കാറുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം

അബുദാബി: റോഡില്‍ ഡ്രൈവര്‍മാര്‍ കാണിക്കുന്ന അശ്രദ്ധ കാരണം സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങള്‍ ബോധവത്കരണം മുന്‍നിര്‍ത്തി അബുദാബി പൊലീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍തു. വാഹനം ഓടിക്കുമ്പോള്‍ രണ്ട് കണ്ണുകളും റോഡില്‍ തന്നെ ആയിരിക്കണമെന്നും വിവിധ തടസങ്ങള്‍ കാരണം വലിയ അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു.

റോഡിന്റെ വലതുവശത്തെ ലേനിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു കാര്‍ സാധാരണ വാഹനങ്ങള്‍ പോകുന്നതിലും വേഗത കുുറച്ചാണ് മുന്നോട്ട് നീങ്ങുന്നത്. എന്നാല് പെട്ടെന്ന് നല്ല വേഗതയില്‍ പിന്നില്‍ നിന്നെത്തിയ മറ്റൊരു കാര്‍ ഈ വാഹനത്തിലേക്ക് ഇടിച്ചു കയറുന്നതാണ് വീഡിയോ ക്ലിപ്പിലുള്ളത്. പിന്നില്‍ നിന്നുവന്ന് ഇടിച്ച് കയറിയ കാറിന്റെ ഡ്രൈവര്‍ അവസാന നിമിഷം കാര്‍ വെട്ടിച്ച് മാറ്റാന്‍ ശ്രമിച്ചെങ്കിലും കൂട്ടിയിടി ഒഴിവാക്കാന്‍ കഴിഞ്ഞില്ല. ഇടിയുടെ ആഘാതത്തില്‍ മുന്നിലുണ്ടായിരുന്ന കാര്‍ റോഡരികിലെ ക്രാഷ് ബാരിയറിലേക്ക് ഇടിച്ച് കയറുന്നതും നിയന്ത്രണം വിട്ട് കറങ്ങുന്നതും കാണും.