ശ്രദ്ധിക്കുക: ഹൈവേകളിൽ വേഗപരിധി പുനഃക്രമീകരിച്ചു; നിശ്ചിത വേഗപരിധി ലംഘിക്കുന്നവരിൽനിന്ന്‌ പിഴയീടാക്കും

0
2042

അബുദാബി: യു.എ.ഇ.യിലെ ചില പ്രധാന ഹൈവേകളിലെ വേഗപരിധി അടുത്തിടെ പുനഃക്രമീകരിച്ചു. വേഗപരിധി പുനഃക്രമീകരിക്കുന്നതിലൂടെ വാഹനാപകടങ്ങൾ കുറയ്ക്കാമെന്ന പഠനറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

റോഡുകളിലെ നിശ്ചിത വേഗപരിധി ലംഘിക്കുന്നവരിൽനിന്ന്‌ 300 മുതൽ 3000 ദിർഹംവരെയാണ് പിഴയീടാക്കുക. കൂടാതെ, 23 ബ്ലാക്ക് പോയന്റുകളും നൽകും. ഇതിൽ ഏറ്റവും കുറഞ്ഞ വേഗപരിധിക്കു താഴെ വാഹനമോടിച്ചാലും പിഴ വീഴും.

വേഗപരിധി മാറ്റങ്ങൾ
ഇപ്രകാരം

അൽ ഫലാ പാലംമുതൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളംവരെയുള്ള സ്വീഹാൻ റോഡിലെ വേഗപരിധി മണിക്കൂറിൽ 140 കിലോമീറ്ററിൽനിന്ന്‌ 120 കിലോമീറ്ററായി കുറച്ചിട്ടുണ്ട്. ഞായറാഴ്ചമുതൽ പുതിയ വേഗപരിധി പ്രാബല്യത്തിലാകും

അബുദാബി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ ഇരുദിശകളിലേക്കുമുള്ള ഇടതുവശത്തെ രണ്ടു റോഡുകൾക്കും 120 കിലോമീറ്ററാണ് ഏറ്റവും കുറഞ്ഞ പുതിയ വേഗപരിധി. കൂടിയ വേഗം 140 കി.മീ. നിയമലംഘകർക്ക് 400 ദിർഹമാണ് പിഴ ചുമത്തുക. കുറഞ്ഞ വേഗത്തിൽ പോകേണ്ടവർക്ക് മറ്റു ട്രാക്കുകൾ ഉപയോഗിക്കാം.

ദുബായ്-ഹത്ത റോഡിലെ വേഗപരിധി 100 കിലോമീറ്ററിൽനിന്ന്‌ 80 കിലോമീറ്ററായി കുറച്ചു. ദുബായ്, അജ്മാൻ, അൽ ഹൊസൻ റൗണ്ട് എബൗട്ട് എന്നീ പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആറുകിലോമീറ്റർ ദൂരത്തിന് പുതിയ വേഗപരിധി ബാധകമാണ്

മസ്ഫൗട്ട്, മുസൈറ പ്രദേശങ്ങളിലെ ഹത്ത സ്ട്രീറ്റിലെ വേഗപരിധി 100-ൽനിന്ന്‌ 80 കിലോമീറ്ററായി കുറച്ചു

അബുദാബി-അൽ ഐൻ റോഡിലെ വേഗപരിധി 160 കിലോമീറ്ററിൽനിന്ന് 140 കിലോമീറ്ററായി കുറച്ചു. അൽ സാദ് പാലംമുതൽ അൽ ഐൻ സിറ്റിയിലേക്കുള്ള അൽ അമീറ പാലംവരെ ഇത് ബാധകമാണ്.

ഫുജൈറയിലെ വാദി മദിഖ്-കൽബ റോഡിലെ വേഗപരിധി 80 കിലോമീറ്ററിൽനിന്ന്‌ 100 കിലോമീറ്ററായി ഉയർത്തി. ജനവാസമേഖലയോ നഗരപ്രദേശമോ അല്ലാത്തതിനാലാണ് വേഗപരിധി ഉയർത്തിയത്.