ട്രെയിന്‍ ദുരന്തം; മരണം 233 ആയി; പരിക്കേറ്റവരിൽ നാല് മലയാളികളും

ഭുവനേശ്വർ: ഒഡിഷയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 233 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം. പരിക്കേറ്റവരിൽ നാല് മലയാളികളുണ്ട്. തൃശൂർ സ്വദേശികളായ ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

യശ്വന്ത്പുരിൽ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്(12864), ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസ്(12841), ചരക്കുതീവണ്ടി എന്നിവയാണ് അപകടത്തിൽപ്പെട്ടത്. യശ്വന്ത്പുരിൽനിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന തീവണ്ടിയാണ് ആദ്യം പാളംതെറ്റി മറിഞ്ഞത്. തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കോറമണ്ഡൽ എക്സ്പ്രസ് ഈ കോച്ചുകളിലേക്ക് വന്ന് ഇടിച്ചതോടെയാണ് അപകടം ​ഗുരുതരമാകുന്നത്. ഇതിലേക്ക് ഒരു ചരക്കുതീവണ്ടിയും വന്നിടിച്ചു.

കോറമണ്ഡ‍ൽ എക്സ്പ്രസിന്റെ 12 കോച്ചും യശ്വന്ത്പുർ-ഹൗറ തീവണ്ടിയുടെ നാലുകോച്ചും പാളം തെറ്റിയതായി റെയിൽവേ വക്താവ് അമിതാഭ് ശർമ അറിയിച്ചു. അപകടത്തിൽ മറിഞ്ഞ കോച്ചുകൾക്കുള്ളിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. ഒഡിഷ ദുരന്തനിവാരണസേനയുടെയും ദേശീയ ദുരന്തനിവാരണസേനയുടെയും നേതൃത്വത്തിലാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്.