അടുത്തിടെ അടച്ചുപൂട്ടിയ കമ്പനികളുടെ വിസയിലുള്ള പ്രവാസികള്‍ക്ക് മറ്റു സ്ഥാപനങ്ങളിലേക്ക്‌ വിസ മാറാം

0
2769

കുവൈത്ത് സിറ്റി: അടുത്തിടെ അടച്ചുപൂട്ടിയ കമ്പനികളുടെ വിസയിലുള്ള പ്രവാസികള്‍ക്ക് അവരുടെ വിസകള്‍ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റാന്‍ കുവൈത്തില്‍ അവസരം.
രാജ്യത്തെ മാന്‍പവര്‍ പബ്ലിക് അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം‍ റിപ്പോര്‍ട്ട് ചെയ്തത്.

അടുത്തിടെ ഫയലുകള്‍ തടഞ്ഞുവെയ്ക്കപ്പെട്ട കമ്പനികളുടെ വിസകളിലുള്ളവര്‍ക്കായിരിക്കും ഇത്തരത്തില്‍ മറ്റ് കമ്പനികളിലേക്ക് മാറാന്‍ അവസരം.

വിലാസങ്ങളിലെ അവ്യക്തത ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അടുത്തിടെ നിരവധി കമ്പനികളുടെ ഫയലുകള്‍ അധികൃതര്‍ സസ്‍പെന്‍ഡ് ചെയ്‍തിരുന്നു. മാനുഷിക പരിഗണന നല്‍കിയാണ് ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വിസ മാറാനുള്ള അവസരം നല്‍കുന്നതെന്ന് അല്‍ അന്‍ബ ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഇതിന് നിശ്ചിത വ്യവസ്ഥകളും അധികൃതര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. അടച്ചുപൂട്ടപ്പെട്ട കമ്പനിയില്‍ 12 മാസമെങ്കിലും ജോലി ചെയ്തിട്ടുള്ളവര്‍ക്ക് മാത്രമായിരിക്കും വിസ മാറാനുള്ള അവസരമെന്നതാണ് നിബന്ധനകളില്‍ പ്രധാനം.