സഊദി അറേബ്യയ്ക്ക് ഇത് ചരിത്ര നേട്ടം; ദൗത്യം പൂർത്തീകരിച്ച് ബഹിരാകാശ സഞ്ചാരികൾ ഭൂമിയിലേക്ക് മടങ്ങിയെത്തി

0
1654

റിയാദ്: റയാന ബർനാവിയും അലി അൽ ഖർനിയും സഹയാത്രികരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ വാസത്തിനു ശേഷം ബുധനാഴ്ച പുലർച്ചെ ഭൂമിയിലേക്ക് മടങ്ങിയെത്തി.

ഭ്രമണപഥത്തിലെ ലാബിൽ നിന്ന് അൺഡോക്ക് ചെയ്ത് 12 മണിക്കൂറിന് ശേഷം ഫ്ലോറിഡ പാൻഹാൻഡിൽ നിന്ന് അൽപ്പം അകലെ മെക്‌സിക്കോ ഉൾക്കടലിലേക്ക് നാല് പേരെയും വഹിക്കുന്ന സ്‌പേസ് എക്‌സ് ക്യാപ്‌സ്യൂൾ പാരച്യൂട്ടിൽ സുരക്ഷിതമായി എത്തിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ആദ്യ അറബ് വനിതാ ബഹിരാകാശ സഞ്ചാരിയെന്ന ചരിത്ര നേട്ടത്തോടെ മറ്റൊരു സഊദി പൗരനായ അൽ ഖർനിക്കൊപ്പം ബഹിരാകാശ നിലയത്തിലേക്ക് റയാന ബർനാവിയും സംഘവും യാത്രയായത്. നാസയിൽ നിന്ന് വിരമിച്ച ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സണും ജോൺ ഷോഫ്‌നറുമാണ് ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേർ. നിശ്ചയിച്ച പരീക്ഷണങ്ങൾ വൻ വിജയത്തോടെ അവസാനിപ്പിച്ച് ബഹിരാകാശ നിലയം വിടാൻ തയ്യാറെടുക്കുമ്പോൾ റയാന ബർനാവി കണ്ണീർ പൊഴിച്ചു.

“എല്ലാ കഥകളും അവസാനിക്കുന്നു, ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ പ്രദേശത്തിനും ഒരു പുതിയ യുഗത്തിന്റെ തുടക്കം മാത്രമാണ്,” അവർ പറഞ്ഞു.

പരിക്രമണ ലബോറട്ടറിയിലായിരുന്ന സമയത്ത്, ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, കല, ഗണിതശാസ്ത്രം എന്നിങ്ങനെ വിവിധ ഇടപെടലുകളും മൈക്രോ ഗ്രാവിറ്റിയിൽ 20-ലധികം ഗവേഷണ പഠനങ്ങളും എട്ട് മാധ്യമ പരിപാടികളും വിജയകരമായി നടത്തി. ഈ പരീക്ഷണത്തിൽ ബർനാവിയും അൽ ഖർനിയും ഒരു വയർ ചൂടാക്കുകയും തണുപ്പിക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന അതിന്റെ താപ കൈമാറ്റം നിരീക്ഷിച്ചു.

തലച്ചോറിലും നാഡീവ്യവസ്ഥയിലും ആറ് പരീക്ഷണങ്ങൾ, രോഗപ്രതിരോധ കോശങ്ങളിലെ നാല് പരീക്ഷണങ്ങൾ, വാട്ടർ സീഡിംഗ് സാങ്കേതികവിദ്യയിൽ ഒരു പരീക്ഷണം എന്നിവ ഉൾപ്പെടുന്ന പരീക്ഷണങ്ങളും ഇതിനിടയിൽ ഇവർ നടത്തി.