ഇഖാമ കാലാവധി കഴിഞ്ഞവർക്കും ഹുറൂബുകാർക്കും ആശ്വാസകരമായി നാടണയാൻ ഇന്ത്യൻ എംബസിയും സാമൂഹ്യ പ്രവർത്തകനും

0
4340

ജുബൈൽ: ലേബർ ഓഫീസുകളിൽ നേരിട്ട് പോയി അപേക്ഷ നൽകണമെന്ന വ്യവസ്ഥയിൽ നിന്നും വ്യത്യസ്തമായി ഒന്നുകൂടി സുതാര്യത വരുത്തിയിരിക്കയാണ് സഊദി തൊഴിൽ മന്ത്രാലയം. ദൂരദിക്കുകളിൽ നിന്നും നിശ്ചിത സമയത്ത് ലേബർ ഓഫീസുകളിൽ എത്തിച്ചേരാനുള്ള പ്രയാസം നേരിടുന്ന എല്ലാവർക്കും എളുപ്പമായിരിക്കയാണ് ഈ നടപടി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതേ രീതിയിൽ ഓൺലൈനിൽ രജിസ്റ്റർ ചെയ്തു ഇരുപത്തിയഞ്ചിലധികം ഇഖാമ കാലാവധി കഴിഞ്ഞ ഇന്ത്യൻ തൊഴിലാളികൾ തിങ്കളാഴ്ച ജുബൈലിലെ അൽജുഐമ ലേബർ ഓഫീസിൽ എത്തിയതായി ഇന്ത്യൻ എംബസിയുടെ സാമൂഹ്യ പ്രവർത്തകനും പ്രവാസി വെൽഫെയർ പാർട്ടി ജന സേവന വിഭാഗം അംഗവുമായ സൈഫുദ്ദീൻ പൊറ്റശ്ശേരി അറിയിച്ചു. ഇന്ത്യൻ എംബസി ലേബർവെൽഫെയർ വിഭാഗം ഉദ്യോഗസ്ഥൻ ആശിഖും മേൽനോട്ടത്തിനായി ഉണ്ടായിരുന്നു. ഇവരുടെ നടപടികൾ പൂർത്തിയായിട്ടുണ്ട്. നേരത്തെയും ഇതേ മാർഗത്തിൽ രജിസ്റ്റർ ചെയ്തവരിൽ നിയമനുസൃതം നാട്ടിലേക്ക് പോകാനായുള്ള നടപടികളും പൂർത്തീകരിച്ച് നിരവധി പേർ നാട്ടിലേക്ക് പോയതായും സൈഫുദ്ധീൻ അറിയിച്ചു.

നാട്ടിൽ വിടാനായി കമ്പനി രണ്ട് വർഷം മുമ്പ് ഫൈനൽ ഏക്സിറ്റ് അടിച്ച വിവരം അറിയാതെ പോയ ഒരു വടക്കേ ഇന്ത്യക്കാരൻ ഏക്സിറ്റിന്റെ കാലാവധി കഴിഞ്ഞ് നാട്ടിൽ പോവാൻ കഴിയാതെ പ്രതിസന്ധിയിലായിരുന്നു. കമ്പനിയുമായി സൈഫുദ്ദീൻ പൊറ്റശ്ശേരി നിരന്തരം ബന്ധപ്പെട്ട് ലേബർ ഓഫീസിലേക്ക് ആവശ്യമായ അപേക്ഷ സംഘടിപ്പിച്ച് നൽകിയതോടെ പ്രതിസന്ധി നീങ്ങി നാട്ടിൽ പോവാൻ കഴിയുമെന്ന ആശ്വാസം ലഭിച്ചിരിക്കയാണ്.

നേരത്തേ തുടർന്ന് വരുന്ന വ്യവസ്ഥയുടെ ഭാഗമായി കാലാവധി കഴിഞ്ഞ ഇഖാമയിലുള്ളവർക്കും ഹുറൂബിലകപ്പെട്ട് നാട്ടിൽ പോവാൻ കഴിയാത്തവർക്കും സഹായകരമായി ഇന്ത്യൻ എംബസിയും തൊഴിൽ വകുപ്പും ആശ്വാസം നൽകിക്കൊണ്ടുള്ള നടപടി ക്രമങ്ങൾ തുടർന്ന് വരുന്നുണ്ട്. ദമാം, ഖോബാർ, അൽ ഹസ, ജുബൈൽ എന്നിങ്ങനെ കിഴക്കൻ പ്രവിശ്യയിലെ കാലാവധി കഴിഞ്ഞ ഇക്കാമയിലുള്ളവർക്കും ഹുറൂബുകാർക്കും നാടണയാനായി ഫൈനൽ ഏക്‌സിറ്റ് ലഭിക്കാൻ http://www.eoiriyadh.gov.in എന്ന ഇന്ത്യൻ എംബസിയുടെ ലിങ്കിൽ റജിസ്റ്റർ ചെയ്ത് ലഭിക്കുന്ന നമ്പർ സൈഫുദ്ദീൻ പൊറ്റശേരി ഏൽപിക്കുന്ന പക്ഷം തുടർ നടപടികൾക്കായി സഹായം ലഭിക്കുന്നതാണ്.

ഇതുവഴി കാലാവധി കഴിഞ്ഞ ഇഖാമയിലുള്ളവർ ഏക്സിറ്റ് ലഭിച്ച് നാട്ടിൽ പോയി മറ്റു തടസ്സങ്ങളൊന്നുമില്ലാതെ വീണ്ടും സഊദിയിലേക്ക് പുതിയ വിസയിൽ തിരിച്ച് വന്ന അനുഭവങ്ങളാണുള്ളതെന്ന് സൈഫുദ്ധീൻ പൊറ്റശേരി പറയുന്നു. എന്നാൽ ഹുറൂബുകാർക്ക് അഞ്ച് വർഷത്തേക്ക് നിലവിലെ വ്യവസ്ഥ പ്രകാരം തിരിച്ച് വരാൻ കഴിയില്ല. ഇന്ത്യൻ എംബസിയും സഊദി തൊഴിൽ മന്ത്രാലയവും സഹകരിച്ചു കൊണ്ടുള്ള ഈ വ്യവസ്ഥ ഒട്ടനവധിക്ക് പേർക്ക് നാടണയാൻ ആശ്വാസം ലഭിക്കുന്നതായി സൈഫുദ്ദീൻ പൊറ്റശ്ശേരി മലയാളം പ്രസിനോട് പറഞ്ഞു

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക