സഊദിയിൽ വലിയ വാഹന ഡ്രൈവർമാർക്ക് പ്രത്യേക കാർഡുകൾ നിർബന്ധമാക്കുന്നു

0
3307

നാല് തരം കാർഡുകളാണ് ഇഷ്യു ചെയ്യുന്നത്

റിയാദ്: സഊദിയിൽ ചരക്ക് വാഹനങ്ങൾ, ബസ് തുടങ്ങി വലിയ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് പ്രത്യേക കാർഡുകൾ നിർബന്ധമാക്കുന്നു. ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (ടിജിഎ) യാണ് പുതിയ കാർഡുകൾ ഏർപ്പെടുന്ന കാര്യം വ്യക്തമാക്കിയത്. ബസ്, ചരക്ക് ഗതാഗത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളോടും വ്യക്തികളോടും ഡ്രൈവർ കാർഡുകൾ നേടിയിരിക്കണമെന്ന് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (ടിജിഎ) ആവശ്യപ്പെട്ടു. നാല് തരത്തിലുള്ള കാർഡുകളാണ് നൽകുന്നത്. ഇതിൽ ഏതെങ്കിലും ഒന്ന് ഡ്രൈവർ നേടിയിരിക്കണം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ കാർഡുകൾ ഡ്രൈവർമാരെ ഗതാഗത പ്രവർത്തനങ്ങളിൽ ഏർപ്പെടാനും പ്രൊഫഷണൽ കഴിവ് വർദ്ധിപ്പിക്കാനും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഗതാഗത പ്രവർത്തനങ്ങളിൽ സുരക്ഷാ ആവശ്യകതകൾ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

താത്കാലിക കാർഡ്: ഡ്രൈവിംഗ് വിസയും അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസും ഉള്ള ഡ്രൈവർമാർക്കായി നൽകുന്ന കാർഡ് ആണിത് ചരക്ക് ഗതാഗത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഇത്തരം ഡ്രൈവർമാർക്ക് നൽകുന്ന താൽക്കാലിക ഡ്രൈവർ കാർഡിന്റെ കാലാവധി 90 ദിവസമായിരിക്കും എന്നാൽ, അത് പുതുക്കാൻ കഴിയില്ല. ഇത് ഡ്രൈവറെ ഈ ജോലിയിൽ ഏർപ്പെടാൻ അനുവദിക്കുന്നതാണ് ഈ കാർഡ്.

സീസണൽ കാർഡ്: ഹജ്ജ് സീസൺ പ്രമാണിച്ച് അതോറിറ്റി സീസണൽ ഡ്രൈവർ കാർഡ് നൽകുന്നതാണ് മറ്റൊന്ന്. ഇത് സീസണൽ അടിസ്ഥാനത്തിൽ പ്രത്യേക ഗതാഗത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഡ്രൈവർമാർക്കായി നൽകുന്നതാണ്. പ്രത്യേകിച്ച് സീസണൽ ബസ് ഡ്രൈവർ വിസ കൈവശമുള്ളവർക്കായാണ് ഇത് നൽകുന്നത്. ഈ കാർഡ് ഹജ്ജ്, ഉംറ തുടങ്ങിയ സീസണുകളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഇതിന്റെ കാലാവധിയും 90 ദിവസമാണ്. എന്നാൽ ഇത് ഒരു തവണ കൂടി 90 ദിവസത്തേക്ക് പുതുക്കാൻ കഴിയും.

വാർഷിക ഡ്രൈവർ കാർഡ്: വർഷം തോറും സൂചിപ്പിച്ച എല്ലാ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ഡ്രൈവർമാർക്കായി നൽകുന്നതാണ്. ഒരു വർഷം കാലാവധിയുള്ള ഈ കാർഡ് പുതുക്കാൻ കഴിയും.

റസ്ട്രിക്റ്റഡ് കാർഡ്: ചരക്ക് ഗതാഗത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഡ്രൈവർമാർക്കായി പ്രത്യേകമായി, സർക്കാർ ഇടപാടുകൾ പൂർത്തിയാക്കുന്നതിനുള്ള് കാർഡുകൾ ആണ് മറ്റൊന്ന്. ഇതിന്റെ കാലാവധി 30 ദിവസമാണ്. അത് പുതുക്കാനാകില്ല.

ഡ്രൈവർ കാർഡുകൾ ലഭിക്കേണ്ടവർ ട്രാൻസ്‌പോർട്ട് പോർട്ടലിന്റെ Naql.sa എന്ന വെബ്സൈറ്റ് സന്ദർശിക്കാമെന്നും ലഭ്യമായ എല്ലാ ഇലക്ട്രോണിക് സേവനങ്ങളും സൗകര്യപ്രദമായും എളുപ്പത്തിലും പ്രയോജനപ്പെടുത്താമെന്നും അതോറിറ്റി സൂചിപ്പിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക