തേനി: ജനവാസ കേന്ദ്രത്തില്‍ പരിഭ്രാന്തി പരത്തുന്ന അരിക്കൊമ്പന്‍ വിഷയത്തില്‍ ഇടപെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ അരിക്കൊമ്പനെ പിടികൂടണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇതിനായി എല്ലാ വകുപ്പുകളും സഹകരിക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.
അതേസമയം കമ്പത്ത് 144 പ്രഖ്യാപിക്കാതെ തന്നെ അരിക്കൊമ്പനെ പിടികൂടുമെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. നിലവില്‍ അരിക്കൊമ്പനെ മയക്കുവെടിവെച്ച് തളയ്ക്കാനാണ് ശ്രമം. ഇതിനായുള്ള ഉത്തരവ് പുറത്തിറങ്ങി.
കമ്പത്തുനിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ മിഷന്‍ അരിക്കൊമ്പനുള്ള ഉത്തരവ് പുറപ്പെടുവിക്കും. ഇതിനായി മൂന്ന് കുങ്കിയാനകളുമായി മുതുമലയില്‍നിന്നും ആനമലയില്‍നിന്നും വനംവകുപ്പ് പുറപ്പെട്ടു. അതിനിടെ അരിക്കൊമ്പന്റെ തുമ്പിക്കൈയില്‍ മുറിവു പറ്റിയതായി വനംവകുപ്പ് സ്ഥിരീകരിച്ചു. വാഹനങ്ങള്‍ കുത്തിമറിക്കുമ്പോഴുണ്ടായ പരിക്കെന്നാണ് സൂചന.
തമിഴ്‌നാട് സാധാരണ ഗതിയില്‍ പരാക്രമകാരികളായ ആനകളെ പിടിച്ച് കുങ്കിയാനകളാക്കുകയാണ് പതിവ്. എന്നാല്‍ അരിക്കൊമ്പനെ എന്തുചെയ്യണമെന്നുള്ള കാര്യത്തില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. അതേസമയം കേരളത്തിന്റെ വനംവകുപ്പും അരിക്കൊമ്പന്റെ പരാക്രമത്തെ നിരീക്ഷിക്കുന്നുണ്ട്.
കേരളത്തിന്റെ അതിര്‍ത്തിയിലേക്ക് പ്രവേശിച്ചാല്‍ എന്തുചെയ്യുമെന്നതടക്കമുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുക. തമിഴ്‌നാട് അരിക്കൊമ്പനെ പിടികൂടി ഏതെങ്കിലും ഉള്‍വനത്തിലേക്ക് പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചാല്‍, അത് കേരളത്തോട് ചേര്‍ന്നുള്ള വനത്തിലേക്ക് പരിഗണിക്കരുതെന്ന് കേരളം ആവശ്യപ്പെട്ടേക്കും. ഇക്കാര്യങ്ങളില്‍ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.