മന്ത്രിയുടെ സഹോദരന്റെ വീട്ടിൽ റെയ്ഡ്; ഉദ്യോ​ഗസ്ഥരെ ആക്രമിച്ച് അനുയായികൾ

0
2465

ചെന്നൈ: മന്ത്രിയുടെ സഹോദരന്റെ വീട്ടിൽ റെയ്ഡ് റെയ്ഡിനെത്തിയ ആദായ നികുതി ഉദ്യോ​ഗസ്ഥർക്ക് നേരെ ആക്രമണം. തമിഴ്നാട് മന്ത്രി വി സെന്തിൽ ബാലാജിയുടെ സഹോദരന്റെ വീട്ടിൽ റെയ്ഡിനെത്തിയ ആദായ നികുതി ഉദ്യോ​ഗസ്ഥർക്ക് നേരെയാണ് ആക്രമണമുണ്ടായത്.

സംഭവത്തെ തുടർന്ന് വനിതയടക്കമുള്ള ഉദ്യോ​ഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ സഹോദരന്റെ കരൂരിലെ വീട്ടിൽ റെയഡ് നടത്താനെത്തിയപ്പോഴാണ് സംഭവമുണ്ടായത്. പരാതി നൽകിയിട്ടും പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്ന് ഉദ്യോ​ഗസ്ഥർ ആരോപിച്ചു. എന്നാൽ അന്വേഷണം തുടരുകയാണെന്നും സംഭവം നടന്ന സമയം തന്നെ എത്തി ആൾക്കൂട്ടത്തെ പിരിച്ചുവിട്ടെന്നും എസ് പി ഡി സുന്ദരവദനം പറഞ്ഞു. സിഐസ്എഫ് സുരക്ഷയോടെ‌യാണ് പിന്നീട് റെയ്ഡ് പൂർത്തിയാക്കിയത്. 

ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തരുതെന്ന് തന്റെ അനുയായികളോട് പറഞ്ഞിരുന്നതായി മന്ത്രി ബാലാജി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോമ്പൗണ്ട് മതിൽ കയറുന്നതിന് പകരം വാതിൽ തുറക്കുന്നത് വരെ ഉദ്യോഗസ്ഥർക്ക് കാത്തിരിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.വനിതാ ഉദ്യോഗസ്ഥയെ ആൾക്കൂട്ടം ആക്രമിക്കുന്നതിന്റെയും ഒരാൾ ഉദ്യോഗസ്ഥരുടെ വാഹനം കേടുവരുത്തുന്നതിന്റെയും ദൃശ്യങ്ങൾ വൈറലായി.