പ്രതീക്ഷയോടെ….: പ്രതിസന്ധി തീർത്ത് സഊദിയിലേക്ക് വിഎഫ്എസ് മുഖേന വിസ സ്റ്റാമ്പിംഗ്; ലക്ഷദ്വീപ് എംപി അംബാസിഡറുമായി ചർച്ച നടത്തി

0
2297

ന്യൂഡൽഹി: ഇന്ത്യയിൽനിന്ന് സഊദി അറേബ്യയിലേക്കുള്ള എല്ലാ വിസകളും വി എഫ് എസ് വഴി ആക്കിയതോടെ ഉടലെടുത്ത പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി ലക്ഷദ്വീപിൽനിന്നുള്ള ലോക്‌സഭാംഗം മുഹമ്മദ് ഫൈസൽ ഇന്ത്യയിലെ സഊദി അംബാസിഡറെ സന്ദർശിച്ചു. സഊദി വിസകൾ സ്റ്റാമ്പ് ചെയ്യുന്നതിന് ബയോമെട്രിക് (വിരലടയാളം) രജിസ്‌ട്രേഷൻ നിർബന്ധമാക്കിയത് ആയിരകണക്കിന് അപേക്ഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സഊദി അംബാസിഡറെ അദ്ദേഹം ബോധിപ്പിച്ചു. പുതിയ തീരുമാനം പതിനായിരകണക്കിന് ആളുകൾക്കാണ് പ്രതിസന്ധി സൃഷ്ടിക്കുകയെന്നും മുഹമ്മദ് ഫൈസൽ സഊദി അംബാസിഡറെ ധരിപ്പിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലക്ഷദ്വീപിൽനിന്നുള്ളവർക്ക് വി.എഫ്.എസ് സേവനം ലഭ്യമാകണമെങ്കിൽ കൊച്ചിയിൽ നേരിട്ട് വരേണ്ട അവസ്ഥയാണ്. ഇത് ഏറെ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. ഇതിന് പുറമെ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർക്കും കൊച്ചിയിലേക്ക് നേരിട്ട് എത്തേണ്ട അവസ്ഥയാണ്. പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് മുഹമ്മദ് ഫൈസൽ ആവശ്യപ്പെട്ടു.

തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യാനും വിഎഫ്എസ് കേന്ദ്രങ്ങളെ സമീപിക്കണമെന്ന് മുംബൈ സഊദി കോണ്‍സുലേറ്റ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത് പ്രതിസന്ധികൾ കൂട്ടും. തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുന്നോടിയായി അപേക്ഷകന്‍ ആദ്യം വിഎഫ്എസ് കേന്ദ്രത്തിലെത്തി ബയോമെട്രിക് (വിരലടയാളം) രേഖപ്പെടുത്തണമെന്നാണ് കോണ്‍സുലേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ വ്യവസ്ഥ ഈ മാസം 29 മുതല്‍ പ്രാബല്യത്തിലാവും.

കേരളത്തില്‍ കൊച്ചിയില്‍ മാത്രമാണ് വിഎഫ്എസ് കേന്ദ്രമുള്ളത്. അപേക്ഷകര്‍ വിഎഫ്എസ് കേന്ദ്രത്തിലെത്തി വിരലടയാളമെടുത്ത ശേഷമാണ് വിസ നടപടികള്‍ക്ക് തുടക്കമാവുക. വി എഫ് എസിൽ പോയി ബയോ മെട്രിക് നൽകാത്തവരുടെ തൊഴിൽ വിസ അപേക്ഷകൾ കോൺസുലേറ്റിൽ സ്റ്റാമ്പിങ് നടപടികൾക്കായി സ്വീകരിക്കില്ല എന്ന് കോൺസുലേറ്റ് ഏജന്റുമാര്‍ക്കയച്ച സര്‍ക്കുലറില്‍ അറിയിച്ചു.

സഊദിയിലേക്കുള്ള ഫാമിലി സന്ദര്‍ശന വിസകള്‍ ഈ മാസം ആദ്യം മുതല്‍ തന്നെ വിഎഫ്എസ് വഴിയാക്കിയിരുന്നു. സഊദിയിലേക്കുള്ള വിസിറ്റ്, റെസിഡന്റ് വിസ ഇഷ്യു ചെയ്യൽ വിഎഫ് എസിലേക്ക് മാറ്റിയിരുന്നു. മാത്രമല്ല, അപേക്ഷകർ നേരിട്ട് ചെന്ന് ബയോ മെട്രിക് നൽകുകയും വേണം. ഇത് നിരവധി പ്രവാസികളെയാണ് പ്രയാസത്തിൽ ആക്കുന്നത്. ഈ സാഹചര്യത്തിൽ ആണ് ജോബ് വിസകൾക്കും വി എഫ് എസ്‌ കേന്ദ്രത്തിൽ പോയി ബയോ മെട്രിക് സമർപ്പിക്കണം എന്ന നിബന്ധന വന്നിട്ടുള്ളത്. അതിനിടെ, വി എഫ് എസ്‌ തഅഷീറ സെന്ററിലെ നടപടിക്രമങ്ങളിലെ നൂലാമാലകൾ മൂലം നിരവധിപേരുടെ സ്റ്റാമ്പിങ് പ്രതിസന്ധി തുടരുകയാണ്.

വിഎഫ്എസ് കേന്ദ്രം കേരളത്തില്‍ ആകെയുള്ളത് കൊച്ചിയില്‍ മാത്രമാണ്. അപേക്ഷകര്‍ വിഎഫ്എസ് കേന്ദ്രത്തിലെത്തി വിരലടയാളം ആദ്യമെടുക്കണം. അതിന് ശേഷം മാത്രമാണ് നടപടികള്‍ക്ക് തുടക്കമാവുക.
പുതിയ നിയമ മനുസരിച്ച് റെസിഡന്റ് വിസ ഇഷ്യു ചെയ്യാനുള്ള മെഡിക്കൽ എടുത്തതിനു ശേഷം മോഫ നമ്പർ എടുക്കേണ്ടതുണ്ട്. അതിന് വി എഫ് എസിനെ സമീപിക്കണം. ശേഷം വീണ്ടും മെഡിക്കൽ സെന്ററിനെ സമീപിച്ച് മൊഫ അപ്ഡേറ്റ് ചെയ്യണം. ശേഷം വിസ സ്റ്റാംബ് ചെയ്യാനായി വീണ്ടും വി എഫ് എസിനെ സമീപിക്കണം.

ഈ നടപടികളൊക്കെ പൂർത്തിയാക്കാൻ മാസങ്ങൾ എടുക്കുകയും വേണം. കൂടാതെ കേരളത്തിലെ ആകെയുള്ള വി.എഫ്.എസ് കൊച്ചിയിലുമാണ്. അവിടെ അപ്പോയ്മെൻറ് കിട്ടാന് തന്നെ ആഴ്ചകളെടുക്കുന്നുമുണ്ട്. കേരളത്തിലെ 14 ജില്ലകളിലുള്ളവർക്ക് ആകെയുള്ളത് കൊച്ചിയിലാണ്. മുൻ കാലങ്ങളിൽ ഏതെങ്കിലും ഒരു ട്രാവൽസിൽ കൊടുത്താൽ എല്ലാം അവർ ചെയ്ത് പാസ്പോർട്ട് തിരിച്ച് തരുന്ന നടപടിയായിരുന്നു ഉണ്ടായിരുന്നു.

വ്യക്തിക്ക് മെഡിക്കൽ എടുക്കാൻ പോകുന്ന ജോലി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബാക്കിയെല്ലാം ട്രാവൻസ് ചെയ്ത് തരുമായിരുന്നു. ചുരുക്കത്തിൽ ഒരു കുടുംബത്തിന്റെ സഊദി റെസിഡന്റ് വിസയും വിസിറ്റിങ് വിസയും സ്റ്റാമ്പിങ് പ്രതിസന്ധി വലിയ ബാലികേറാമലയാണെന്ന് സാരം. പ്രവാസികളുടെ കുടുംബാംഗങ്ങളുടെയും മറ്റും വിസിറ്റ്, റെസിഡന്റ് വിസകൾ ഇഷ്യു ചെയ്യുന്നതിന് അപേക്ഷകൻ നേരിട്ട് വി എഫ് എസിലേക്ക് പോകണമെന്ന നിബന്ധന ഒഴിവാക്കണമെന്നും ഇതിനായി രാഷ്ട്രീയ സമൂഹിക മേഖലകളിൽ ഉള്ളവരുടെ ഇടപെടൽ ആവശ്യമാണെന്നും വിവിധ സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക