സഊദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ വ്യാഴം വരെ മഴക്കും ഇടിമിന്നലിനും സാധ്യത; ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്

0
1461

ജിദ്ദ: സഊദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ വ്യാഴം വരെ മഴക്കും ഇടിമിന്നലിനും സാധ്യത. ഇടിമിന്നലിനെതിരെ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ത്വാഇഫ്, അൽ-ഖുർമ, അൽ-അർദിയാത്ത് എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഇളക്കിവിടുന്ന പേമാരി, ആലിപ്പഴ വർഷം, വേഗതയുള്ള കാറ്റ് എന്നിവയ്ക്ക് കാരണമായേക്കാവുന്ന ഇടത്തരം മുതൽ കനത്ത മഴ വരെ ലഭിക്കാൻ സാധ്യതയുണ്ട്. മക്കയിലും മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

തുർബ, റാനി, അൽ-മുവിയ്യ, അസീർ, അൽ-ബാഹ, ജസാൻ, നജ്റാൻ മേഖലകളെയും മഴ ബാധിക്കും. റിയാദ്, ദിരിയ, അൽ-മജ്മ, അൽ-സുൽഫി, അൽ-ഘട്ട്, റിമ, താദിഖ്, ഷഖ്റ, അഫീഫ്, അൽ-ദവാദ്മി എന്നിവയുൾപ്പെടെ റിയാദ് മേഖലയിൽ പൊടി ഉയർത്തുന്ന സജീവ വേഗതയോടെയുള്ള മിതമായ മഴയും കാറ്റും ഉണ്ടാകുമെന്നും അറിയിപ്പിൽ ഉണ്ട്. അൽ-ഖുവൈയ്യ, അൽ-മുസാഹിമിയ, ഹുറയ്മില, അൽ-അഫ്‌ലാജ്, വാദി അൽ-ദവാസിർ, അൽ-സുലൈൽ, അൽ-ഖർജ്, അൽ-ഹാരിഖ്, അൽ-ബജാദിയ, അൽ-ദലം എന്നിവടങ്ങളിലും മഴക്കും കാറ്റിനും സാധ്യതയുള്ളതായും മുന്നറിയിപ്പ് ഉണ്ട്. സൗദിയുടെ കിഴക്കൻ പ്രവിശ്യ, ഖസിം മേഖലകളെയും സമാനമായ കാലാവസ്ഥ ബാധിക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകിയതിലുണ്ട്.

മദീന, തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, എന്നിവിടങ്ങളിൽ ആലിപ്പഴ വർഷവും പൊടിപടലങ്ങളുണ്ടാക്കുന്ന നേരിയതോ മിതമായതോ ആയ ഇടിമിന്നലുകളും സജീവമായ കാറ്റും ചെറിയ രീതിയിലുള്ള മഴക്കും സാധ്യതയുണ്ട്.

മഴക്കാലത്ത് സുരക്ഷിതമായ സ്ഥലങ്ങളിൽ കഴിയണമെന്നും വെള്ളച്ചാട്ടങ്ങൾ, താഴ്വരകൾ, തോടുകൾ എന്നിവടങ്ങളിൽനിന്ന് മാറി നിൽക്കണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വെള്ളക്കെട്ടുകളിൽ നീന്തരുതെന്നും മുന്നറിയിപ്പിലുണ്ട്.