കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും; 13 ഇന്ത്യക്കാര്‍ക്ക് ജയില്‍ ശിക്ഷ

0
1117

അബുദാബി: കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും നടത്തിയ 13 ഇന്ത്യക്കാ‍ർക്ക് തടവുശിക്ഷ വിധിച്ച് അബുദാബി ക്രിമിനൽ കോടതി.

ഇവരുടെ ഉടമസ്ഥതയിലുള്ള ഏഴ് കമ്പനിക്കള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ലൈസൻസില്ലാത്ത കമ്പനി രൂപീകരിച്ച് 51 കോടി ദിർഹത്തിന്റെ പണമിടപാട് നടത്തിയെന്നാണ് കണ്ടെത്തിയത്. 

കള്ളപ്പണം വെളുപ്പിക്കാനായി വിപുലമായ റാക്കറ്റാണ് ഈ സ്ഥാപനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നത്. ഉപഭോക്താക്കള്‍ക്ക് പണം നല്‍കി അവരുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രതികളുടെ സ്ഥാപനങ്ങളിലെ പി.ഒ.എസ് സ്വൈപിങ് മെഷീനുകളില്‍  ഉപയോഗിക്കുമായിരുന്നു. ഇതിലൂടെ വ്യാജ വില്‍പന രേഖകളുണ്ടാക്കി കള്ളപ്പണം വെളുപ്പിക്കുന്നതായിരുന്നു രീതി. 

പിടിയിലായ നാലുപേര്‍ക്ക് അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ വിധിച്ചതിന് പുറമെ ഈ ശിക്ഷാ കാലയളവ് പൂര്‍ത്തിയായ ശേഷം നാടുകടത്താനും അബുദാബി കോടതിയുടെ വിധിയിലുണ്ട്. 50 ലക്ഷം ദിര്‍ഹം മുതല്‍ ഒരു കോടി ദിര്‍ഹം വരെയുള്ള പിഴയും ചുമത്തിയിട്ടുണ്ട്.

ഒരു ട്രാവല്‍ ഏജന്‍സിയുടെ ഓഫീസ് കെട്ടിടം ഉപയോഗപ്പെടുത്തി നിയമവിരുദ്ധമായ തരത്തില്‍ കമ്പനി രൂപീകരിക്കുകയും ഈ കമ്പനിയുടെ പേരില്‍ അനുമതിയില്ലാത്ത സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും ചെയ്‍തതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇത്തരത്തിലുള്ള ഇടപാടുകളിലൂടെ 50 കോടി ദിര്‍ഹത്തിലധികം ലാഭമുണ്ടാക്കുകയും ചെയ്‍തു.