വരാപ്പുഴ: ഹെൽമറ്റ് ധരിക്കാത്തതിന്റെ പേരിൽ പിഴയടക്കണം എന്നാവശ്യപ്പെട്ടു സിറ്റി പൊലീസിന്റെ നോട്ടിസ്‍ കണ്ടു അമ്പരന്നു മുൻ തപാൽ ജീവനക്കാരനായ കോട്ടുവള്ളി വള്ളുവള്ളി സ്വദേശി അരവിന്ദാക്ഷൻ പണിക്കർ.
ഏപ്രിൽ 9നു കൊച്ചിൻ ഷിപ്‌യാർഡിന്റെ സമീപം ഹെൽമറ്റില്ലാതെ ഇരുചക്ര വാഹനം (ബുള്ളറ്റ്) ഓടിച്ചെന്ന് കാണിച്ചാണു സിറ്റി ട്രാഫിക് പൊലീസ് അരവിന്ദാക്ഷനു 500 രൂപ പിഴ ചുമത്തി നോട്ടിസ് അയച്ചിരിക്കുന്നത്.
എന്നാൽ വിവാഹ വാർഷിക ദിനമായ അന്നു വീട്ടിൽ നിന്നു പുറത്ത് ഇറങ്ങിയിട്ടില്ലെന്നാണു അരവിന്ദാക്ഷൻ പറയുന്നത്. മാത്രമല്ല നോട്ടിസിൽ നൽകിയിട്ടുള്ള ഫോട്ടോയിൽ താൽക്കാലിക റജിസ്ട്രേഷൻ നമ്പറുള്ള ബുള്ളറ്റിന്റെ പിൻവശത്തെ ചിത്രം മാത്രമാണുള്ളത്. മഞ്ഞ നിറത്തിലുള്ള ബോർഡാണു ഇതിൽ കാണിച്ചിട്ടുള്ളത്. ബുള്ളറ്റിന്റെ പിൻവശത്തുള്ളതല്ലാതെ അരവിന്ദാക്ഷന്റെ ചിത്രം പോലും നോട്ടിസിൽ നൽകിയിട്ടില്ലെന്നാണു പരാതി.
അതേസമയം അരവിന്ദാക്ഷൻ ഓടിക്കുന്ന ബുള്ളറ്റിന്റെ അതേ മാതൃകയിലുള്ള വാഹനത്തിന്റെ പിൻവശം ചിത്രമാണു പൊലീസ് നോട്ടിസിലുള്ളത്. ചെയ്യാത്ത തെറ്റിനു പിഴ നൽകില്ലെന്നും ഇതുസംബന്ധിച്ചു പൊലീസ് നടപടികൾക്കെതിരെ നിയമപരമായി നീങ്ങുമെന്നാണു അരവിന്ദാക്ഷൻ പറയുന്നത്. നോട്ടിസ് സംബന്ധിച്ചു അരവിന്ദാക്ഷന്റെ പരാതി സ്റ്റേഷനിൽ ലഭിച്ചിട്ടില്ലെന്നും സാങ്കേതിക തകരാറുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും കൊച്ചി സൗത്ത് ട്രാഫിക് പൊലീസ് പറഞ്ഞു.