ജിദ്ദ: 32-ാമത് അറബ് ഉച്ചകോടിയിലേക്ക് രാഷ്ട്ര നേതാക്കളെ സഊദി മന്ത്രിസഭ സ്വാഗതം ചെയ്തു. വെള്ളിയാഴ്ച ജിദ്ദയിലാണ് ഉച്ചകോടി.
മേഖലയിലെയും ആഗോള തലത്തിലെയും പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ മന്ത്രിസഭാ യോഗം വിശകലനം ചെയ്തു. സാധാരണക്കാര്‍ക്ക് സംരക്ഷണം നല്‍കാനുള്ള പ്രതിബദ്ധത വ്യക്തമാക്കി സുഡാന്‍ സൈനിക പ്രതിനിധികളും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ് പ്രതിനിധികളും ജിദ്ദയില്‍ ഒപ്പുവെച്ച കരാറിന്റെ പശ്ചാത്തലത്തില്‍ സുഡാന്‍ പ്രതിസന്ധി പരിഹരിക്കാന്‍ മുന്നോട്ടു വെച്ച പദ്ധതിയുമായി ബന്ധപ്പെട്ട പുരോഗതിയും മന്ത്രിസഭ വിലയിരുത്തി.
സുഡാനില്‍ സുരക്ഷയും സ്ഥിരതയും തിരികെയെത്തുന്നതു വരെ സൗദി അറേബ്യ സമാധാന ശ്രമങ്ങള്‍ തുടരുമെന്ന് മന്ത്രിസഭാ യോഗം പറഞ്ഞു.
ലോകത്തെ വിവിധ രാജ്യങ്ങളുമായി ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും പരസ്പര സന്ദര്‍ശനങ്ങളിലൂടെയും കൂടിക്കാഴ്ചകളിലൂടെയും ഉഭയകക്ഷി ബന്ധങ്ങള്‍ പുതിയ വിഹായസ്സുകളിലെത്തിക്കാനും, കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തിയും, പൊതുവായ ആശങ്കയുള്ള പ്രശ്‌നങ്ങളിലുള്ള ഏകോപനവും വര്‍ധിപ്പിക്കുന്ന നിലക്ക് ബഹുരാഷ്ട്ര സംഘടനകളുമായി സഹകരണം ശക്തമാക്കാനും സഊദി അറേബ്യ ആഗ്രഹിക്കുന്നു.