മലപ്പുറം: നിലമ്പൂർ ചുങ്കത്തറയില്‍ നായയെ ബൈക്കിന് പുറകില്‍ കെട്ടി വലിച്ചിഴച്ച് ക്രൂരത. തിങ്കളാഴ്ച രാത്രി 11.30-നായിരുന്നു സംഭവം. പുക്കോട്ടുമണ്ണ സ്വദേശിയാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് വിവരം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവരം പുറംലോകമറിയുന്നത്.
ബൈക്കിന് പിന്നില്‍ യാത്രചെയ്ത യുവാവ് പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. നായയെ കെട്ടിവലിച്ച ആളോട് വാഹനം നിര്‍ത്തണമെന്ന് യുവാവ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വേഗത്തില്‍ വാഹനം വോഗത്തില്‍ മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. പിന്നീട് ബൈക്കിന് മുന്നില്‍ കയറി വാഹനം നിര്‍ത്തിച്ച് യുവാവ് ഇയാളെ തടയുകയായിരുന്നു.
സ്വന്തം വളര്‍ത്തുനായയാണെന്നാണ് ഇയാളുടെ വാദം. നായയെ കളയുന്നതിനായി കൊണ്ടുപോകുകയാണെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ ആവശ്യമെന്തായിരുന്നുവെന്ന ചോദ്യത്തിന് ഇയാള്‍ വ്യക്തമായ മറുപടി പറയുന്നില്ല. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വിഷയം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ കൃത്യത്തിന് പിന്നിലുള്ള വ്യക്തി പോലീസ് നിരീക്ഷണത്തിലാണെന്നാണ് പോലീസ് പറയുന്നത്.