റിയാദ്: റിയാദിൽ ഉപയോഗിക്കാത്ത വാട്ടർ ടാങ്കിൽ വീണ് മലയാളി ബാലൻ മരിച്ചു. കണ്ണൂർ ഇരിക്കൂർ പാട്ടീൽ സ്വദേശി കിനാക്കുൽ തറോൽ സക്കറിയയുടെ മകൻ മുഹമ്മദ് സയാൻ (8) ആണ് മരിച്ചത്. സക്കറിയയുടെ കുടുംബം ആഴ്ചകൾക്ക് മുമ്പ് സന്ദർശക വിസയിൽ റിയാദിൽ എത്തിയിരുന്നു.
താമസിക്കുന്ന കെട്ടിടത്തോട് ചേർന്നുള്ള ഒഴിഞ്ഞ ടാങ്കിൽ അബദ്ധത്തിൽ കുട്ടി വീണുവെന്നാണ് കരുതുന്നത്. സിവിൽ ഡിഫൻസ് യൂണിറ്റിന്റെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം റിയാദിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.