പാസ്‌പോർട്ട് വിഭാഗം അബഹയിൽ; പ്രവാസികളുടെ അപേക്ഷകൾ സ്വീകരിച്ച് പ്രാരംഭ നടപടികൾ ആരംഭിച്ചു

0
2162

അസീർ: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പാസ്‌പോർട്ട് വിഭാഗം ഉദ്യോഗസ്ഥൻ കിഷൻ സിംഗ് അബഹ സന്ദർശിച്ചു. ഖമീസ് മുഷൈത്ത് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയ പ്രവാസികളുടെ അപേക്ഷകൾ പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചു.

ഓഫീസിലെത്തിയ പ്രവാസികളുടെ അറ്റസ്റ്റേഷനും മറ്റ് നടപടികളും നടക്കുന്നതിനിടെ അവിടെ എത്തിയ ഹുറൂബിലും, മറ്റു നിയമക്കുരുക്കുകളിലും പെട്ട് നാട്ടിൽ പോകാനാവാതെ കഴിയുന്ന ബിഹാർ, യു.പി, തമിഴ്‌നാട് സ്വദേശികളായ പതിനൊന്ന് പേർക്കും, തർഹീലിൽ കഴിയുന്ന മലയാളികൾ അടക്കമുള്ള 19 പേരിൽ ഒറിജിനൽ പാസ്‌പോർട്ട് കൈവശമില്ലാത്ത 9 പേർക്കും യാത്രാരേഖകൾ ശരിയാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ എംബസി പ്രാരംഭ നടപടികൾ ആരംഭിച്ചു.

തർഹീലിൽ കഴിയുന്ന പാസ്‌പോർട്ട് കൈവശമുള്ള അഞ്ച് പേർ അടുത്ത ബുധനാഴ്ച അബഹയിൽ നിന്നും ജസീറ എയർലൈൻസിൽ മുംബൈയിലേയ്ക്ക് തിരിക്കുമെന്ന് യാത്രാ രേഖകൾ ശരിയാക്കിയ ജിദ്ദ കമ്യൂണിറ്റി വിഭാഗം മെമ്പർ അഷ്‌റഫ് കുറ്റിച്ചൽ പറഞ്ഞു. അബഹ തർഹീൽ സന്ദർശിച്ച സംഘം വിവിധ നിയമക്കുരുക്കിൽ പെട്ട് നാട്ടിൽ പോകാൻ കഴിയാത്തവരുടെ പ്രശ്‌നങ്ങൾ പഠിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നറിയിച്ചു. ജിദ്ദ കോൺസുലേറ്റ് വെൽഫെയർ വിഭാഗം അംഗം ബിജു കെ.നായരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.