കന്നട ആർക്കൊപ്പം; സെഞ്ചറി കടന്ന് കോണ്‍ഗ്രസ്

0
2824

കര്‍ണാടകയില്‍ ആദ്യ ഘട്ട പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങുമ്പോള്‍ കോണ്‍ഗ്രസിന് വ്യക്തമായ ലീഡ്. ആദ്യ മിനുട്ടുകളില്‍ ബി.ജെ.പി ഒപ്പത്തിനൊപ്പം നിന്നെങ്കിലും അവസാന നിമിഷങ്ങളിലേക്ക് കടന്നപ്പോള്‍ കോണ്‍ഗ്രസ് ലീഡ് കണ്ടെത്തി.

കൃത്യമായ ഇടവേളകളില്‍ ലീഡ് ഉയര്‍ത്തിക്കൊണ്ടുവന്ന കോണ്‍ഗ്രസ് മാജിക്കല്‍ നമ്പര്‍ പിന്നിട്ടു കഴിഞ്ഞു. 113 സീറ്റാണ് കര്‍ണാടകയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

ഏറ്റവും അവസാനം ലഭിക്കുന്ന വിവരമനുസരിച്ച് കോണ്‍ഗ്രസ് 115 മണ്ഡലങ്ങളില്‍‌ മുന്നിലാണ്. ബി.ജെ.പിക്ക് 78 ഇടങ്ങളില്‍ ലീഡുണ്ട്. 15 മണ്ഡലങ്ങളില്‍ ജെ.ഡി.എസും ഒരിടത്ത് സിപിഎമ്മുമാണ് മുന്നില്‍.

കർണാടകകയില്‍ 36 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. ഭരണത്തുടർച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. എന്നാൽ എക്സിറ്റ്പോൾ ഫലം നൽകിയ ആത്മവിശ്വാസത്തിൽ ഭരണം പിടിച്ചെടുക്കാമെന്നാണ് കോൺഗ്രസിന്‍റെ കണക്കുകൂട്ടൽ. ഭരണത്തിൽ നിർണായക ശക്തിയാകാമെന്ന പ്രതീക്ഷയിലാണ് ജെ.ഡി.എസ്. 224 സീറ്റുകളുള്ള നിയമസഭയിലേക്ക് 113 സീറ്റ് ലഭിച്ചാൽ കേവല ഭൂരിപക്ഷം നേടാനാകും.

73.19 ശതമാനം വോട്ടെടുപ്പ്‌‌ നടന്ന ഇത്തവണ കോൺഗ്രസ്‌ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് മിക്ക എക്സിറ്റ്പോൾ സർവെകളും പ്രവചിക്കുന്നു. 140 സീറ്റുകൾ വരെ ലഭിച്ച് കോണ്‍ഗ്രസ് ഭരണത്തിലെത്തുമെന്ന് ഇന്ത്യാ ടുഡേ ആക്സിസ്‌ മൈ ഇന്ത്യ സർവെ പറയുന്നു. കോൺഗ്രസ്‌ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും എന്നാൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും മറ്റു ചില സർവെകൾ പറയുന്നു. അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ ജെ.ഡി.എസ്‌ കിങ് മേക്കറാകും.