പ്രവാസിയുടെ ഭാര്യയും ഒന്നര വയസ്സുള്ള മകളെയും കിണറ്റിൽ മരിച്ച നിലയിൽ

0
4130

കോഴിക്കോട്: പ്രവാസിയുടെ ഭാര്യയും ഒന്നര വയസ്സുള്ള മകളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ചേമഞ്ചേരി തുവ്വക്കോട് പോസ്റ്റ് ഓഫിസിന് സമീപം മാവിള്ളി വീട്ടിൽ പ്രജിത്തിന്റെ ഭാര്യ ധന്യ (35), മകൾ പ്രാർഥന (ഒന്നര) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴോടെയാണ് വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.

പ്രജിത്ത് ദുബൈയിലെ ഹെൽത്ത് സെന്ററിലാണ് ജോലി ചെയ്യുന്നത്. പ്രജിത്തിന്റെ അമ്മക്കൊപ്പമാണ് ധന്യയും മക്കളും താമസിച്ചുവന്നിരുന്നത്. ഇവരുടെ മൂത്ത മകൾ കല്യാണി ധന്യയുടെ അമ്മയുടെ വീട്ടിലായിരുന്നു. ചേമഞ്ചേരി കുറ്റിയിൽ ഗംഗാധരൻ നായർ- സുധ എന്നിവരുടെ മകളാണ് ധന്യ. കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷ സേനയെത്തി, പൊലീസ് ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണ കാരണം വ്യക്തമില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.