ജയ്പൂര്‍: വിമാനം വീടിന് മുകളില്‍ തകര്‍ന്ന് വീണ് മൂന്ന് ഗ്രാമവാസികള്‍ മരിച്ചു. രാജസ്ഥാനിലെ ദാബ്ലിയിലെ ഹനുമാന്ഘട്ടിലാണ് യുദ്ധവിമാനം തകര്‍ന്ന് വീണത്.
വ്യോമസേനയുടെ മിഗ്-21 പതിവ് പരീക്ഷണ പറക്കലിന്റെ ഭാഗമായി സൂറത്ത്ഗഢിൽ നിന്ന് പറന്നുയര്‍ന്നതായിരുന്നു വിമാനം. വിമാനത്തിൽ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് ചാടിയ പൈലറ്റ് നിസാര പരുക്കുളോടെ രക്ഷപ്പെട്ടു. അപകട കാരണം കണ്ടെത്തുന്നതിനായുള്ള അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ഇന്ത്യൻ എയർഫോഴ്സ് അറിയിച്ചു.
‘ഇന്ന് രാവിലെയാണ് പതിവ് പരിശീലനത്തിനിടെ ഐഎഎഫിന്റെ മിഗ്-21 വിമാനം സൂറത്ത്ഗഢിൽ സമീപം തകർന്നുവീണത്. സുരക്ഷിതമായി പുറത്തേക്ക് ചാടിയ പൈലറ്റ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. അപകടമുണ്ടാകാനുള്ള കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്,’ ഇന്ത്യൻ എയർഫോഴ്സ് ട്വീറ്റ് ചെയ്തു.
യുദ്ധവിമാനം തകർന്നുവീണ പ്രദേശത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മരണം ഒഴിവാക്കാൻ പൈലറ്റ് എല്ലാ തരത്തിലുള്ള ശ്രമങ്ങളും നടത്തിയെന്നും സാങ്കേതിക തകരാർ മൂലം പ്രദേശത്ത് ഇടിച്ചിറക്കുകയായിരുന്നുവെന്ന് പൊലീസ് ഇൻസ്പെക്ടർ ഓം പ്രകാശ് പറഞ്ഞു.
…..