റിയാദ്: നാളെ നീറ്റ് പരീക്ഷ നടക്കുന്നത് റിയാദിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ബോയ്സിൽ. ഒരുക്കങ്ങൾ പൂർണ്ണമായി.
സഊദിയിൽ നിന്ന് 500ഓളം വിദ്യാർഥികൾ പങ്കെടുക്കും. പ്രാദേശിക സമയം രാവിലെ 8.30 മുതൽ 11 വരെയാണ് വിദ്യാർഥികൾ റിപ്പോർട്ട് ചെയ്യേണ്ടത്. 11.30 മുതൽ 2.50 വരെയാണ് പരീക്ഷ സമയം. 11 മണിക്ക് ശേഷം ആരെയും പരീക്ഷ കേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ല.
അഡ്മിറ്റ് കാർഡ്, ആവശ്യമായ ഐ.ഡി പ്രൂഫ് എന്നിവയുമായാണ് വിദ്യാർഥികൾ ഹാജരാവേണ്ടത്. നിരോധിത വസ്തുക്കളില്ലാതെയും എൻ.ടി.എ നിർദ്ദേശിച്ച ഡ്രസ് കോഡുമായാണ് പരീക്ഷാർഥികൾ പരീക്ഷ ഹാളിൽ പ്രവേശിക്കേണ്ടത്. ജിദ്ദ, ദമ്മാം, ജുബൈൽ, അബഹ, ഖഫ്ജി, മജ്മ, ബുറൈദ, തബൂക്ക്, ത്വാഇഫ് തുടങ്ങി സൗദിയിലെ പ്രധാന പ്രദേശങ്ങളിൽ നിന്നെല്ലാം വിദ്യാർഥികൾ പരീക്ഷക്കായി റിയാദിലെത്തിയിട്ടുണ്ട്.
പരീക്ഷാ സെന്ററിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സ്കൂൾ അധികൃതർ അറിയിച്ചു.
പരീക്ഷാ സമയമായ മൂന്ന് മണിക്കൂർ 20 മിനിറ്റ് കഴിഞ്ഞേ വിദ്യാർത്ഥികൾക്ക് ഹാൾ വിട്ടുപോകാൻ കഴിയൂ. പരീക്ഷാ കേന്ദ്രത്തിൽ നിന്ന് നൽകുന്ന പേന ഉപയോഗിച്ചേ ഉത്തരങ്ങൾ രേഖപ്പെടുത്താൻ അനുവാദമുള്ളൂ.