വിമാനത്തിന്റെ ചിറകിൽ ടേപ്പ് ഒട്ടിച്ച് അറ്റകുറ്റപ്പണി നടത്തുന്ന വീഡിയോ
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വെറലായ വിഡിയോ ആയിരുന്നു.
വിമാനം പോലുള്ള അതീവ സുരക്ഷാപ്രധാന്യമുള്ള വാഹനത്തിൽ ടേപ്പ് ഒട്ടിക്കുന്നത് വൻ സുരക്ഷാവീഴ്ച്ചയാണെന്ന മട്ടിലാണ് വിഡിയോ പ്രചരിച്ചത്. എന്നാൽ ഇതിനുപിന്നിലുള്ള രഹസ്യം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
അമേരിക്കയിലെ ബജറ്റ് എയര്‍ലൈനായ സ്പിരിറ്റ് ജീവനക്കാരനാണ് പറന്നുയരുന്നതിന് മുമ്പ് വിമാനത്തിന്റെ ചിറകില്‍ ടേപ്പ് ഒട്ടിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വിമാനത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ ഇയാള്‍ സാധാരണ ടേപ്പ് ഒട്ടിച്ചുവെന്ന തരത്തില്‍ ടിക്‌ടോക്കിലാണ് വിഡിയോ ആദ്യം പങ്കുവെക്കപ്പെട്ടത്. വിഡിയോ വൈറലായതോടെ നിരവധി നെറ്റിസണ്‍സാണ് ഞെട്ടിയത്.
യു.എസിലെ ടെന്നസി സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയിലെ നാഷ്വില്ലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ളതാണ് സംഭവം എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. സ്പിരിറ്റ് എയര്‍ലൈന്‍ ജീവനക്കാരന്‍ എയര്‍ക്രാഫ്റ്റിന്റെ ഇടതു ചിറകില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതാണ് ക്യാമറയില്‍ പതിഞ്ഞത്.
ഒരുതവണ ടേപ്പ് ഒട്ടിച്ച ഇയാള്‍ അതിന്റെ മുളില്‍ ഒരു ലെയര്‍ കൂടി ഒട്ടിച്ചു. ജീവനക്കാരന്‍ തകരാര്‍ പരിഹരിക്കാന്‍ ടേപ്പ് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിമാനത്തിന് അകത്തുള്ള യാത്രക്കാരാണ് പകര്‍ത്തിയതാണെന്നാണ് സൂചന. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെക്കപ്പെട്ട വിഡിയോയ്ക്ക് 1.6 ദശലക്ഷത്തിലധികം വ്യൂസ് ലഭിച്ചിരുന്നു. നമ്മുടെ വീടുകളിലെല്ലാം ഉപയോഗിക്കുന്ന ടേപ്പ് ആണ് എയര്‍ലൈന്‍ ജീവനക്കാരന്‍ ഉപയോഗിക്കുന്നതെന്ന തരത്തിലാണ് വിഡിയോ പുറത്തുവിട്ട ടിക്‌ടോക്കര്‍ പ്രതികരിച്ചത്. ഒട്ടനവധി നെറ്റിസണ്‍സ് ഇത് ഏറ്റുപിടിക്കുകയും ചെയ്തു.
വിഡിയോയുടെ യാഥാർഥ്യം
വിമാനത്തിന്റെ ചിറകില്‍ ഒട്ടിച്ചത് ഡക്ട് ടേപ്പ് അല്ലെന്നും അത് സ്പീഡ് ടേപ്പ് ആണെന്നുമാണ് സ്പിരിറ്റ് എയര്‍ലൈനിന്റെ വക്താക്കള്‍ വിശദീകരിക്കുന്നത്. തങ്ങള്‍ എഞ്ചിനിയറിംഗ് ടീമുമായി ബന്ധപ്പെട്ടുവെന്നും ജീവനക്കാരന്‍ ഉപയോഗിച്ചത് സ്പീഡ് ടേപ്പ് ആണെന്ന് മറുപടിത്‍ലഭിച്ചതായും സ്പിരിറ്റ് എയര്‍ലൈന്‍ വക്താക്കള്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.
വൈറല്‍ വീഡിയോക്ക് കീഴിലും ഇക്കാര്യം വിശദീകരിക്കുന്ന കമന്റുകള്‍ വന്നിട്ടുണ്ട്. വിമാനങ്ങളില്‍ ചെറിയ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഉപയോഗിക്കുന്ന ടേപ്പിനെ സ്പീഡ് ടേപ്പ് എന്നാണ് വിളിക്കുന്നതെന്നും സൗത്ത് വെസ്റ്റ് ഉള്‍പ്പെടെ എല്ലാ എയര്‍ലൈനുകളും ഇത് ഉപയോഗിക്കുന്നതായും വിശദീകരണത്തിൽ പറയുന്നു. പ്രചരിക്കുന്ന വിഡിയോ ന്യുജഴ്‌സിയിലെ നെവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് എടുത്തതാണെന്നും എപി റിപ്പോര്‍ട്ട് ചെയ്യുന്നു.
വാസ്തവത്തില്‍, സ്പീഡ് ടേപ്പ് വിമാനങ്ങളിലും റേസ് കാറുകളിലും ചെറിയ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഉപയോഗിക്കുന്ന അലുമിനിയം അടിസ്ഥാനമാക്കിയുള്ള പശയുള്ള ടേപ്പാണ്. സ്പിരിറ്റ് ഉള്‍പ്പെടെ നിരവധി എയര്‍ലൈനുകള്‍ ഇത് ഉപയോഗിക്കുന്നുണ്ട്.അവസാന നിമിഷം ചെറിയ അറ്റകുറ്റപ്പണികള്‍ക്ക് ഇത് ഫലപ്രദമാണ്. സ്പീഡ് ടേപ്പിന് കഠിനമായ താപനിലയെ നേരിടാനും കഴിയും. ഇതില്‍ അലുമിനിയം ഫോയില്‍ കൊണ്ട് പൊതിഞ്ഞ ഒരു ക്ലോത്ത് ലെയറും ശക്തിയേറിയ സിലിക്കണ്‍ പശയും ഉണ്ട്. ഈ പാളികള്‍ ഡക്ട് ടേപ്പിനെക്കാള്‍ സ്പീഡ് ടേപ്പിനെ കട്ടിയുള്ളതും കൂടുതല്‍ ഫലപ്രദവുമാക്കുന്നു. സമാനമായ രൂപം കാരണമാണ് ഡക്റ്റ് ടേപ്പും സ്പീഡ് ടേപ്പും പരസ്പരം തെറ്റിദ്ധരിക്കപ്പെടുന്നത്.