ഇന്ത്യയിൽ പുതിയ എയർലൈൻ വരുന്നു; മലയാളിയുടെ നേതൃത്വത്തിലുള്ള ഈ വിമാനക്കമ്പനി ‘ഫ്ലൈ 91’ എന്ന പേരിൽ അറിയപ്പെടും

0
2643

ഗോവ: ഇന്ത്യയിൽ പുതിയ എയർലൈൻ വരുന്നു. തൃശൂർ സ്വദേശി മനോജ് ചാക്കോയുടെ നേതൃത്വത്തിലുള്ളതാണ് ഈ വിമാനക്കമ്പനി. ഗോവയിലെ പ്രാദേശിക ആസ്ഥാന എയർലൈൻ സ്റ്റാർട്ടപ്പ് കമ്പനിയായ ‘ഫ്ലൈ 91’ എയർലൈൻസിന് വ്യോമയാന മന്ത്രാലയം അംഗീകാരം നൽകി.

കിംഗ് ഫിയർ എയർലൈൻസിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്ന മനോജിന് വ്യോമയാന മേഖലയിൽ വർഷങ്ങളുടെ പരിചയമുണ്ട്.
ചെറുപട്ടണങ്ങളെ വിമാനമാർഗം ബന്ധിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതിയുടെ ഭാഗമായി സേവനങ്ങൾ ലഭ്യമാക്കുകയാണ് ‘ഫ്ലൈ 91 കമ്പനിയുടെ ലക്ഷ്യം.

ഫെയർഫാക്‌സിന്റെ ഇന്ത്യാ വിഭാഗത്തിന്റെ മുൻ മേധാവിയായിരുന്നു ഹർഷ
രാഘവനൊപ്പം മനോജ്
ചാക്കോ സ്ഥാപിച്ച ഉഡോ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാണ് Fly91 പ്രവർത്തിക്കുക.

ഹർഷയുടെ കൺവെർജന്റ് ഫിനാൻസ് ആണ് കമ്പനിയിലെ പ്രധാന നിക്ഷേപകൻ.
ഇന്ത്യയുടെ ടെലിഫോൺ കോഡ് 91-ന്റെ പേരിലാണ് കമ്പനിക്ക് ഈ പേരിട്ടിരിക്കുന്നത്. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിന് ശേഷം, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (DGCA) നിന്ന് എയർ ഓപ്പറേറ്റർ പെർമിറ്റിന് കമ്പനി അപേക്ഷിക്കും. ഈ വർഷം ഒക്ടോബർ-ഡിസംബർ മാസത്തോടെ സർവീസ് ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഗോവയിലെ മനോഹർ ഇന്റർനാഷണൽ എയർപോർട്ടിലായിരിക്കും ഇത് പ്രവർത്തിക്കുക. മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങളിലെ നഗരങ്ങളെ ലക്ഷ്യമിട്ടാണ് ഈ സേവനം. രണ്ട് എടിആർ 72-600 ടർബോ ജെറ്റുകൾ ഉപയോഗിച്ചാണ് ഫ്ലൈ 91 ആരംഭിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ ആറ് വിമാനങ്ങൾ കൂടി എത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നു. അഞ്ച് വർഷത്തിനുള്ളിൽ വിമാനങ്ങളുടെ എണ്ണം 40 ആയി ഉയർത്തും.
….