സുഡാനിൽ നിന്നുള്ള ഒഴിപ്പിക്കൽ; സഊദിക്ക് ലോകത്തിന്റെ പ്രശംസ

0
1645

റിയാദ്: സംഘർഷഭരിതമായ സുഡാനിൽ നിന്ന് സ്വന്തം പൗരന്മാരെ കൂടാതെ ലോകത്തെ വിവിധ രാജ്യങ്ങളിലെ പൗരന്മാരെയും രക്ഷപ്പെടുത്താൻ മുൻകൈയ്യെടുത്ത സഊദി അറേബ്യക്ക് ലോകത്തിന്റെ പ്രശംസ. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ പൗരന്മാരെ രക്ഷപ്പെടുത്താൻ വേണ്ട മുഴുവൻ സജ്ജീകരണങ്ങളും സഊദി അറേബ്യ ഒരുക്കിയിരുന്നു. സഊദി അറേബ്യയുടെ ശ്രങ്ങളെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപ്പറേഷനും (ഒ.ഐ.സി) ഗൾഫ് സഹകരണ കൗൺസിലും (ജി.സി.സി) ഉൾപ്പെടെ ആഗോള സംഘടനകളും വിവിധ രാജ്യങ്ങളുടെയും പ്രശംസയുമായെത്തി.

അംഗരാജ്യങ്ങളിലുള്ളവരെ കൂടാതെ വിദേശ നയതന്ത്ര ഉദ്യോഗസ്ഥരെയും സാധാരണ പൗരന്മാരെയും ഒഴിപ്പിക്കുന്നതിൽ സഊദി അറേബ്യ വഹിച്ച പങ്ക് അഭിനന്ദനാർഹമാണെന്ന് ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ പറഞ്ഞു. ആഭ്യന്തര യുദ്ധത്തിലേർപ്പെട്ട സൈനിക വിഭാഗങ്ങളുമായി ആശയ വിനിമയം നടത്തുകയും വെടിനിർത്തൽ സാധ്യമാകുന്നില്ലെന്ന് കണ്ടപ്പോൾ സുഡാനിൽ കുടുങ്ങിയവരെ ഒഴിപ്പിക്കാൻ അടിയന്തര നീക്കം നടത്തുകയും ചെയ്ത സഊദി അറേബ്യയുടെയും ജി.സി.സി അംഗരാജ്യങ്ങളുടെയും ശ്രമങ്ങളെ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി പ്രശംസിച്ചു.

സുഡാനിലെ സുരക്ഷിത ഒഴിപ്പിക്കലിന് നേതൃത്വം നൽകിയ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിങ്കളാഴ്ച അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ നന്ദി പറഞ്ഞിരുന്നു. ഒഴിപ്പിക്കൽ നടപടികൾക്ക് ജിദ്ദയിൽ മികച്ച പിന്തുണ നൽകിയ സൗദി അധികാരികൾക്ക് നന്ദി രേഖപ്പെടുത്തുന്നതായി മന്ത്രി വി. മുരളീധരൻ ട്വീറ്റ് ചെയ്തു. തങ്ങളുടെ പൗരന്മാരെ ഒഴിപ്പിച്ച് സുരക്ഷിതമായി ജിദ്ദയിലെത്തിച്ചതിന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ. അബ്ദുൽ മുഅമിൻ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാന് അയച്ച സന്ദേശത്തിൽ നന്ദി പറഞ്ഞു. മഹദ്‌കൃത്യത്തിന് യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹിയാൻ സൗദി അറേബ്യക്ക് നന്ദി പറഞ്ഞതായി ഔദ്യോഗിക വാർത്താ ഏജൻസിയായ ‘വാം’ റിപ്പോർട്ട് ചെയ്തു.

കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സാലിം അബ്ദുല്ല അസ്സബാഹ്, ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനി എന്നിവരും ഈജിപ്ത്, തുനീഷ്യ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങളും സഊദി ശ്രമത്തെ ശ്ലാഘിച്ചു. പല വിദേശ രാജ്യങ്ങളും സഊദിയെ നേരിട്ട് വിളിച്ചാണ് തങ്ങളുടെ കടപ്പാട് സഊദിയുമായി പങ്ക് വെച്ചത്.