‘ഓപറേഷൻ കാവേരി’ സുഡാനിൽ നിന്നുള്ള മൂന്ന് ഇന്ത്യൻ സംഘങ്ങൾ ജിദ്ദയിൽ; വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ പൂച്ചെണ്ടുകളും മധുരവും നൽകി സ്വീകരിച്ചു

0
1490

ജിദ്ദ: സുഡാനിൽ നിന്നുള്ള
ഇന്ത്യൻ സംഘങ്ങൾ ജിദ്ദയിൽ. ഇന്ത്യക്കാരുടെ മൂന്നു സംഘങ്ങളാണ് ജിദ്ദയിലെത്തിയത്. ഇവരെ ഇന്ത്യൻ വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ പൂച്ചെണ്ടുകളും മധുരവും നൽകി വരവേറ്റു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചൊവ്വാഴ്ച രാത്രി 10.30 ഓടെ ജിദ്ദ തുറമുഖത്ത് ഇന്ത്യൻ നാവികസേനയുടെ ഐ .എൻ.എസ് സുമേധ കപ്പലാണ് ആദ്യം എത്തിയത്. ആദ്യ സംഘത്തിൽ 278 ഇന്ത്യാക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ആദ്യ സംഘത്തെ കപ്പലിലും രണ്ടാമത്തേയും മൂന്നാമത്തെയും സംഘത്തെ വിമാനം വഴിയുമാണ് ജിദ്ദയിൽ എത്തിച്ചത്.

ഇതോടെ സുഡാനിൽനിന്ന് 556 പേരെ ജിദ്ദയിൽ എത്തിച്ചു. ആദ്യ വിമാനത്തിൽ 148 ഉം
രണ്ടാം വിമാനത്തിൽ 130ഉം
കപ്പലിൽ 278 യാത്രക്കാരാമാണ് ഉണ്ടായിരുന്നത്.

സുഡാനിൽ കുടുങ്ങിയ പൗരന്മാരെ രക്ഷപ്പെടുത്താനുള്ള ‘ഓപറേഷൻ കാവേരി’ക്ക് നേതൃത്വം നൽകാൻ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ജിദ്ദയിൽ എത്തിയിരുന്നു. ഒഴിപ്പിക്കൽ നടപടികൾക്ക് ജിദ്ദയിൽ മികച്ച പിന്തുണ നൽകിയ സൗദി അധികാരികൾക്ക് നന്ദി രേഖപ്പെടുത്തുന്നതായി മന്ത്രി വി. മുരളീധരൻ ട്വീറ്റ് ചെയ്തു. സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ജിദ്ദയിയിലെത്തിച്ച ഇന്ത്യൻനേവിയേയും ഉദ്ദ്യാഗസ്ഥരെയും മന്ത്രി പ്രശംസിച്ചു.

സംഘത്തെ സ്വീകരിക്കാൻ മന്ത്രിയോടൊപ്പം സൗദി വിദേശകാര്യമന്ത്രാലയം ജിദ്ദ ബ്രാഞ്ച് ഡയറക്ടർ ജനറൽ മാസിൻ ഹമദ് അൽഹിംലിയും എത്തി. ഇന്ത്യൻ സ്ഥാനപതി ഡോ. സുഹേൽ അജാസ് ഖാൻ, ഇന്ത്യൻ എംബസി ഡെപ്യുട്ടി ചീഫ് ഓഫ് മിഷൻ എൻ. രാംപ്രസാദ്, ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഷാഹിദ് ആലം എന്നിവരും ഇന്ത്യൻ മിഷനിലെയും വിവിധ സൗദി വകുപ്പുകളിലെയും മറ്റ് ഉദ്യോഗസ്ഥരും സന്നിഹിതരായി.

സുഡാനിലെ തുറമുഖ നഗരമായ പോർട്ട് സുഡാനിൽ ജിദ്ദയിൽനിന്ന് ഇന്ത്യൻ നാവിക സേനയുടെ കപ്പൽ എത്തിച്ചാണ് രക്ഷപ്പെടുത്തൽ നടപടി തുടങ്ങിയത്. ചൊവ്വാഴ്ച രാവിലെയാണ് സുഡാനിൽ നിന്ന് കപ്പൽ പുറപ്പെട്ടത്.

ഇന്ത്യൻ പൗരന്മാരെ ജിദ്ദ ഇന്ത്യൻ സ്‌കൂളിലേക്ക് മാറ്റി. ഇവിടെനിന്ന് അടുത്ത ദിവസങ്ങളിൽ പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിൽ ഇന്ത്യക്കാരെ നാട്ടിലേക്ക് അയക്കും. ഇതിനുള്ള ഒരുക്കങ്ങളും പൂർത്തിയായി.

മലയാളികൾക്ക് പുറമെ, തമിഴ്നാട്, ഉത്തർ പ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ആദ്യ സംഘത്തിൽ എത്തിയിരിക്കുന്നത്.
3,000-ത്തോളം ഇന്ത്യക്കാർ സുഡാനിലുണ്ടെന്നാണ് കണക്ക്. ഘട്ടങ്ങളായാണ് ഇവരെ മടക്കികൊണ്ടുവരുന്നത്. ബാക്കിയുള്ളവരെ സുരക്ഷിതമായി ജിദ്ദയിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യൻ വിദേശകാര്യാലയം, സുഡാനിലെ ഇന്ത്യൻ എംബസി, സൗദിയിലെ ഇന്ത്യൻ എംബസി എന്നിവക്ക് കീഴിൽ തുടരും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക