സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷപെടുത്താനുള്ള ‘ഓപ്പറേഷൻ കാവേരി’ ; വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ജിദ്ദയിലേക്ക് പുറപ്പെട്ടു

0
814

കൊച്ചി: സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷപെടുത്താനുള്ള ‘ഓപ്പറേഷൻ കാവേരി’ക്ക് നേതൃത്വം നൽകാൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ജിദ്ദയിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് യാത്ര. ചൊവ്വാഴ്ച രാവിലെ മന്ത്രി ജിദ്ദയിലെത്തും.

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ കുടുങ്ങിപ്പോയ മലയാളികള്‍ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം തുടരുകയാണ്. ദൗത്യത്തിന്റെ ഭാഗമായി നാവികസേനയുടെ ഐഎൻഎസ് സുമേധ സുഡാൻ തുറമുഖത്ത് എത്തി. ഇതിനകം അഞ്ഞൂറോളം ഇന്ത്യക്കാരെ തുറമുഖ നഗരമായ പോർട്ട് സുഡാനിൽ എത്തിച്ചുകഴിഞ്ഞു.

വ്യോമസേനയുടെ സി 130 ജെ വിമാനം സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തില്‍ ദൗത്യത്തിന് തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദൗത്യത്തിന്റെ ചുമതല വി. മുരളീധരനെ ഏൽപ്പിക്കുന്ന കാര്യം കൊച്ചിയിലെ യുവം വേദിയിലാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.