ന്യൂഡല്‍ഹി: 19 വര്‍ഷമായി തനിക്ക് ഈ വീട് നല്‍കിയത് ഇന്ത്യയിലെ ജനങ്ങളാണെന്നും അവരോടാണ് തനിക്ക് നന്ദി പറയാനുള്ളതെന്നും രാഹുൽ ഗാന്ധി. സത്യം പറഞ്ഞതു കൊണ്ടാണ് തനിക്ക് വീട് ഒഴിയേണ്ടി വന്നതെന്നും സത്യം പറയുന്നതിന് എന്ത് വിലകൊടുക്കാനും താൻ തയാറാണെന്നും വസതി ഒഴിഞ്ഞ ശേഷം അദ്ദേഹം പറഞ്ഞു.
പടിയിറങ്ങുന്നതിന് മുൻപ് വീടിനകത്ത് കയറി എല്ലാം പരിശോധിച്ച ശേഷം സഹോദരി പ്രിയങ്കയ്‌ക്കൊപ്പം പുറത്തിറങ്ങി. ശേഷം രാഹുൽതന്നെ വീടിന്റെ വാതിൽ പൂട്ടി ഉദ്യോഗസ്ഥന് താക്കോൽ കൈമാറുകയായിരുന്നു.

രാവിലെ പ്രിയങ്കാ ഗാന്ധിക്കൊപ്പം രണ്ടുതവണ വസതിയിൽ എത്തിയിരുന്നു. പിന്നീട് സാധനങ്ങളെല്ലാം ലോറിയിൽ കയറ്റി. വീടൊഴിയുമ്പോൾ അമ്മ സോണിയ ഗാന്ധിയും സ്ഥലത്തുണ്ടായിരുന്നു. രാഹുലിന്റെ ഇനിയുള്ള താമസം സോണിയയുടെ 10 ജന്‍പഥിലെ വീട്ടിലായിരിക്കും.
തന്റെ സഹോദരൻ സത്യം മാത്രമാണ് പറയുന്നതെന്നും അതുകൊണ്ടാണ് ഇതെല്ലാം അനുഭവിക്കേണ്ടി വന്നതെന്നും പ്രിയങ്ക പറഞ്ഞു. ഇതിലൊന്നും തങ്ങൾക്ക് ഭയമില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
ആയിരം മോദി വിചാരിച്ചാലും രാഹുലിനെ ഇല്ലാതാക്കാൻ കഴിയില്ലെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രതികരിച്ചത്. ആഡംബരത്തിന്റെ പിന്നാലെ പോകുന്നയാളല്ല രാഹുൽ. വീട് ഒഴിഞ്ഞുകൊടുക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടും അദ്ദേഹത്തിനില്ല. പാർലമെന്റിൽ അദാനിക്കെതിരെ സംസാരിച്ചു. ആ പ്രസംഗം നടത്തിയില്ലായിരുന്നെങ്കിൽ ഈ നടപടികൾക്ക് ഇത്രയും വേഗത കാണില്ലായിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.
ബിജെപി എംപി സി.ആർ.പാട്ടീലിന്റെ നേതൃത്വത്തിലുള്ള ലോക്‌സഭാ ഹൗസിങ് കമ്മിറ്റി, 2005 മുതൽ രാഹുൽ താമസിക്കുന്ന 12 തുഗ്ലക്ക് ലെയ്ൻ ബംഗ്ലാവ് ഏപ്രിൽ 22 നകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു.
2019ലെ മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ സൂറത്ത് മജിസ്ട്രേട്ട് കോടതി കുറ്റക്കാരനെന്നു കണ്ടെത്തി രണ്ടുവർഷത്തെ തടവിനു ശിക്ഷിച്ചതിനു പിന്നാലെ ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ ലോക്സഭയിൽനിന്ന് അയോഗ്യനാക്കി.
തുടർന്നാണ് ഔദ്യോഗിക വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ ഹൗസിങ് കമ്മിറ്റി കത്തയച്ചത്. അയോഗ്യനാക്കപ്പെട്ട ഒരു എംപിക്ക് സർക്കാർ വസതിക്ക് അർഹതയില്ല. ഔദ്യോഗിക വസതി ഒഴിയാൻ ഒരു മാസത്തെ സമയം ലഭിക്കും.
മജിസ്ട്രേട്ട് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം സൂറത്ത് സെഷൻസ് കോടതി തള്ളിയതിനു പിന്നാലെയാണു വീട് ഒഴിഞ്ഞത്.
सच्चाई बोलने की कीमत है आज कल!
वो जो भी कीमत होगी, मैं चुकाता जाऊंगा। pic.twitter.com/1ZN6rbGFIu
— Rahul Gandhi (@RahulGandhi) April 22, 2023