റിയാദ്: ലോക മുസ്‌ലിംകൾക്കും
സഊദിയിലെ ജനങ്ങൾക്കും പ്രവാസികൾക്കും ഈദുൽ ഫിത്ർ ആശംസകൾ നേർന്ന് സഊദി ഭരണാധികാരി സൽമാൻ രാജാവ്.
മാസപ്പിറവി പ്രഖ്യാപനം വന്നശേഷം സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും നിരവധി രാഷ്ട്രത്തലവന്മാർക്കും മുസ്‌ലിം രാജ്യങ്ങളിലെ നേതാക്കൾക്കും ആശംസകൾ അറിയിച്ച് സന്ദേശം അയച്ചിരുന്നു.
ഉംറ തീർഥാടകരുടെയും ഇരുഹറം സന്ദർശകരുടെയും സൗകര്യം ഉറപ്പാക്കാനും അവരെ സേവിക്കാനും അവസരം നൽകി സൗദി അറേബ്യയെ ആദരിച്ച ദൈവത്തിനു രാജാവ് സ്തുതി ആർപ്പിച്ചു.
മാന്യമായ ഈ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ രാജാവ് ഈ രാജ്യം സ്ഥാപിച്ചതിനുശേഷം ഒരു വീഴ്ചയും വരുത്തിയിട്ടില്ല. അദ്ദേഹത്തിന്റെ പുത്രന്മാരുടെ ഭരണത്തിലൂടെ ആ സേവനം ഞങ്ങൾ നിലനിർത്തി. അതിൽ അഭിമാനിക്കുകയും ദൈവത്തിന് നന്ദി പറയുകയും ചെയ്യുന്നു. മാധ്യമ സഹമന്ത്രി സൽമാൻ അൽ ദോസരിയാണ് ഇക്കാര്യം അറിയിച്ചത്. സന്തോഷം, ആശയവിനിമയം, സഹിഷ്ണുത, അർഹതയുള്ള ആളുകളോട് കരുണ കാണിക്കുക എന്നിവ ഈദിന്റെ പ്രകടനങ്ങളാണ്. ദൈവം നമ്മെ സന്തോഷത്തോടെയും സമാധാനത്തോടെയും നിലനിർത്തട്ടെ എന്നും രാജാവ് പ്രാർഥിച്ചു.