ഈദുൽ ഫിത്ർനായി ഒരുങ്ങി സഊദി അറേബ്യ; നഗരങ്ങളും വഴികളും ദീപാലങ്കാരങ്ങൾ തെളിയിച്ച് പെരുന്നാളിനായി ഒരുങ്ങി

0
1484

മക്ക: ഈദുൽ ഫിത്ർ നായി ഒരുങ്ങി സഊദിയിലെ വിശ്വാസി സമൂഹം.
മാസപ്പിറവി ദൃശ്യമായതോടെ വിശ്വാസികൾ നാളെ (വെള്ളി) ചെറിയ പെരുന്നാൾ ആഘോഷിക്കും. പുതുവസ്ത്രങ്ങളണിഞ്ഞ് പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുക്കാൻ കാത്തിരിക്കുകയാണ് ഏവരും. രാജ്യത്തെമ്പാടുമുള്ള 20,700 പള്ളികളിൽ  ഈദുൽ ഫിത്ർ നമസ്കാരത്തിനായി സജ്ജമായിട്ടുണ്ട്.

നഗരങ്ങളും വഴികളും വീടുകളുമൊക്കെ ദീപാലങ്കാരങ്ങൾ  തെളിയിച്ചും മിന്നിത്തിളങ്ങുന്ന തോരണങ്ങളുമൊക്കെയായി പെരുന്നാളിനായി ഒരുക്കിക്കഴിഞ്ഞു.

കൊവിഡിന് ശേഷം  വ്യാപാരമേഖലയിലാകെ ഇത്തവണത്തെ റമസാൻ പെരുന്നാൾ കാലം പുത്തൻ ഉണർവാണ് നൽകിയിരിക്കുന്നത്. കൂടുതൽ ആകർഷമായ ഓഫറുകളുമായി മാളുകളിലും ഹൈപ്പർ മാർക്കറ്റുകളിലും ഉത്സവകച്ചവടം പൊടിപൊടിക്കുന്നു. വ്യാപാര സ്ഥാപനങ്ങളിൽ പെരുന്നാൾ വിഭവങ്ങളൊരുക്കുന്നതിനുള്ള സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്കാണ്. വസ്ത്ര, സുഗന്ധ, ചോക്ലറ്റ് രംഗത്തെ പ്രമൂഖ ബ്രാൻഡുകളെല്ലാം കൂടുതൽ ആളുകളെ ആകർഷിക്കാൻ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.  

പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി വരും ദിനങ്ങളിൽ ചെറുതും വലുതുമായ വിവിധ സാംസ്കാരിക കലാ പരിപാടികള്‍  പ്രവാസി സമൂഹങ്ങളും സംഘടനകളും ഒരുക്കുന്നു. നാട്ടിൽ നിന്ന് ആഘോഷങ്ങളിൽ പങ്കെടുക്കാൻ വിശിഷ്ടാതിഥികളും പരിപാടികൾ അവതരിപ്പിക്കാൻ പ്രമൂഖ ഗായകരും മറ്റു കലാകാരൻമാരും സിനിമാ താരങ്ങളും സാംസ്കാരിക നായകൻമാരും പ്രവാസി സംഘടനകളുടെ ക്ഷണപ്രകാരം എത്തുന്നുണ്ട്. കോവിഡ് കാലത്ത് നിലച്ചുപോയ  പെരുന്നാൾ ആഘോഷങ്ങളൊക്കെ ഇത്തവണ കൂടുതൽ വർണാഭമായി ആഘോഷിക്കാനൊരുങ്ങുകയാണ് എല്ലാവരും.

പ്രവാസികള്‍ പെരുന്നാൾ അവധിക്ക് അബഹ, ദമാം, അൽ ഉല, തായിഫ്,തബൂക്ക് തുടങ്ങി വിനോദ സഞ്ചാര കേന്ദ്രങ്ങളും വിവിധ സ്ഥലങ്ങളും സന്ദർശിക്കാൻ പോകും. വിനോദ സഞ്ചാര രംഗത്ത് സഊദി അറേബ്യ ശ്രദ്ധേയമായി മാറ്റങ്ങൾ വരുത്തിയതിനാൽ  എല്ലാ ടൂറിസം കേന്ദ്രങ്ങളും സഞ്ചാരികൾക്കായി കാത്തിരിക്കുന്നു. വിവിധ വിമാനകമ്പനികൾ ഈദ് അവധിക്ക് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതൽ ആഭ്യന്തര സർവീസുകൾ ഒരുക്കിയിട്ടുണ്ട്  

സാംസ്കാരിക മന്ത്രാലയവും വിവിധ മുനിസിപ്പാലിറ്റികളും അതിഥികളായി സ്വദേശികൾക്കും പ്രവാസികൾക്കും അവിസ്മരണീയമായ പെരുന്നാൾ ആഘോഷ പരിപാടികൾ ഒരുക്കുന്നുണ്ട്. ബോള്‍വാർഡ് ഉൾപ്പെടെയുള്ള കലാ സാംസ്കാരിക കേന്ദ്രങ്ങളും പെരുന്നാൾ ദിനത്തിൽ ആഘോഷപരിപാടികൾക്ക് വേദിയാകും. തായിഫ് റോസ് ഫെസ്റ്റിവൽ എന്നിവയടക്കം വസന്തകാല ആഘോഷങ്ങളും ഒരുങ്ങുന്നുണ്ട്.

സൂര്യോദയമുണ്ടായി 15 മിനിറ്റ്  കഴിഞ്ഞ ശേഷമാണ് പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരം നിർവഹിക്കേണ്ടത്. സഊദിയിൽ എല്ലായിടത്തും മിക്കവാറും ഒരേസമയത്തായിരിക്കും  പെരുന്നാൾ നമസ്‌കാരം നടക്കുക. ഉമ്മുൽ ഖുറ കലണ്ടർ അനുസരിച്ചാണ് ഇക്കാര്യം നിർണയിച്ചതെന്ന് ഇസ്‌ലാമികകാര്യ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് ആലു ഷെയ്ഖ് നിർദേശിച്ചു.

പള്ളികളിലും ഈദ്ഗാഹുകളിലും ആവശ്യമായ അറ്റകുറ്റപ്പണികളും ശുചീകരണ ജോലികളും മറ്റും പൂർത്തിയാക്കി പെരുന്നാൾ നമസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.