ജിദ്ദ എസ് ഐ സി റമദാൻ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു

റിയാദ്. എസ്. ഐ. സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.എം.സി.സി ഉള്‍പ്പെടെ ജിദ്ദയിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ സ്‌നേഹ സൗഹൃദ കൂട്ടായ്മ ഒരുക്കിയ റമദാന്‍ പ്രഭാഷണ പരിപാടി സമാപിച്ചു. സിംസാറുല്‍ ഹഖ് ഹുദവി, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ടി. എച്ച് ദാരിമി ഏപ്പിക്കാട് എന്നിവര്‍ പ്രഭാഷണം നടത്തി. പരിപാടി പ്രവാസി ജിദ്ദയിലെ വിശ്വാസി സമൂഹത്തിന് അവിസ്മരണീയ അനുഭൂതിയായി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കറം ജിദ്ദ ഹോട്ടൽ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ആദ്യ ദിവസത്തെ പരിപാടിയില്‍ യുവ പണ്ഡിതനും പ്രഭാഷകനുമായ സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തി. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും രണ്ട് ഓഡിറ്റോറിയങ്ങളിലായി സജ്ജമാക്കിയ പരിപാടി നിറഞ്ഞു കവിഞ്ഞ കുടുംബ സദസ്സിന് അറിവിന്റെ അമൂല്യ നിധി സമ്മാനിച്ചു. പ്രവാസി സമൂഹമുള്‍പ്പെടെ സമകാലിക ലോകം നേരിടുന്ന മൂല്യ ശോഷണങ്ങള്‍ക്കും വിശ്വാസി സമൂഹം നാനാഭാഗത്തു നിന്നും നേരിടുന്ന എണ്ണമറ്റ വെല്ലിവിളികള്‍ക്കും സാര്‍വകാലികവും സാര്‍വ ലൗകികവുമായ ഇസ്‌ലാം നിര്‍ദേശിക്കുന്ന സമഗ്രമായ പരിഹാര നിര്‍ദേശങ്ങളും ആത്മ സംസ്‌കരണത്തിന്റെ അനിവാര്യതയും ഹൃദയ വര്‍ജകമായ വാക്കുകളിലൂടെ ഒഴുകിയെത്തിയപ്പോള്‍ വിശ്വാസി ഹൃദയങ്ങള്‍ക്കത് ആത്മ വിചിന്തനത്തിന് വഴിയൊരുക്കി.

പ്രഭാഷണ വേദിയിൽ മുഖ്യാതിഥിയായ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം. എല്‍. എ പരിപാടി ഉദ്ഘാടനം ചെയ്തു. എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് ഉബൈദുല്ല തങ്ങൾ ഐദറൂസി മേലാറ്റൂർ അധ്യക്ഷത വഹിച്ചു. ഹാഫിസ് സല്‍മാനുല്‍ ഫാരിസ് ഖിറാഅത്ത് നടത്തി. കണ്‍വീനര്‍ സുബൈര്‍ ഹുദവി പട്ടാമ്പി സ്വാഗതവും ഉസ്മാന്‍ എടത്തില്‍ നന്ദിയും പ്രകാശിപ്പിച്ചു. മുഖ്യ രക്ഷാധികാരി അഹമ്മദ് പാളയാട്ട്, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, സയ്യിദ് അന്‍വര്‍ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, അബൂബക്കര്‍ അരിമ്പ്ര, കുഞ്ഞിമോന്‍ കാക്കിയ മക്ക, ജനറല്‍ കണ്‍വീനര്‍ ഇസ്മായില്‍ മുണ്ടക്കുളം, അബ്ദുല്ല ഫൈസി കൊളപ്പറമ്പ്, അബ്ദുല്ല കുപ്പം, ഫായിദ അബ്ദുറഹിമാന്‍, സിദ്ദീഖ് ഹാജി ജീപാസ്, കോയമോന്‍ മുന്നിയൂര്‍, പി.കെ അഹമ്മദ്, ബേബി നീലാമ്പ്ര, നസീര്‍ വാവക്കുഞ്ഞു തുടങ്ങിയ പൗര പ്രമുഖരും സ്വാഗത സംഘം ഭാരവാഹികളും പങ്കെടുത്തു.

ഷറഫിയ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന രണ്ടാം ദിവസത്തെ പരിപാടിയില്‍ ജിദ്ദ ഇസ് ലാമിക് സെന്റര്‍ സ്ഥാപക നേതാക്കളില്‍ പ്രമുഖനും പ്രശസ്ത പണ്ഡിതനും പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് അഖീദ ഫാക്കല്‍റ്റി ഡീനുമായ അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ പ്രഭാഷണം നടത്തി. എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് അന്‍വര്‍ തങ്ങള്‍ കൽപകഞ്ചേരി അധ്യക്ഷത വഹിച്ചു. ജിദ്ദ കെ. എം. സി. സി സെൻട്രൽ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ജനറൽ കണ്‍വീനര്‍ ഇസ്മായില്‍ മുണ്ടക്കുളം സ്വാഗതവും ഇല്യാസ് കല്ലിങ്ങല്‍ നന്ദിയും പറഞ്ഞു. ആനുകാലിക നവ ലിബറല്‍ ആശയങ്ങള്‍ക്കുള്ള കാലിക പ്രസക്തമായ മറുപടിയും ലൈവ് പ്രോഗ്രാമുകളുമടക്കമുള്ള തന്റെ നേതൃത്വത്തില്‍ പ്രാരംഭം കുറിച്ച ‘ഖുര്‍ആന്‍ പഠന പര്യടന’ പദ്ധതിയെക്കുറിച്ചും അബ്ദുസ്സലാം ഫൈസി വിശദീകരിച്ചു. സമൂഹത്തിലെ മുഴുവന്‍ വിഭാഗങ്ങള്‍ക്കും ഖുര്‍ആനിക അധ്യാപനങ്ങള്‍ ലഭ്യമാകും വിധം ശാസ്ത്രീയമായി ചിട്ടപ്പെടുത്തി, പന്ത്രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുന്ന പഠന പദ്ധതിയാണ് ‘മക്‌നൂന്‍’ ഖുര്‍ആന്‍ പഠന പര്യടന പദ്ധതി.

ശറഫിയ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന മൂന്നാം ദിവസത്തെ പരിപാടിയില്‍ ജിദ്ദ ഇസ് ലാമിക് സെന്റര്‍ നേതാക്കളില്‍ പ്രമുഖനും ഗ്രന്ഥകാരനും പ്രഭാഷകനും സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി (എസ്.എന്‍.ഇ.സി) ശരീഅ ‘ഷീ’ ലൈഫ് സ്ട്രീം സിലബസ് സമിതി അംഗവും മേലാറ്റൂര്‍ ദാറുല്‍ ഹികം കോളേജ് പ്രിന്‍സിപ്പലുമായ ടി. എച്ച് ദാരിമി ഏപ്പിക്കാട് പ്രഭാഷണം നടത്തി. എസ്. ഐ. സി ജിദ്ദ വൈസ് പ്രസിഡന്റ്‌ മുജീബ് റഹ്‌മാനി മൊറയൂര്‍ അധ്യക്ഷത വഹിച്ചു. ജിദ്ദ കെ.എം.സി.സി സെക്രട്ടറി നാസര്‍ മച്ചിങ്ങല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.ഐ.സി ജിദ്ദ വര്‍ക്കിംഗ് സെക്രട്ടറി അന്‍വര്‍ ഫൈസി സ്വാഗതവും ജാബിര്‍ നാദാപുരം നന്ദിയും പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക